വികസനത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് കഴിഞ്ഞപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വെപ്രാളമായി. തൃശൂര്‍ പൂരംപോലെ സാക്ഷാല്‍ വെടിക്കെട്ട് കാണുമ്ബോള്‍ ചെന്നിത്തലയുടെ സ്ഥിതിയെന്താകുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്ക്. ഒളരി, കേച്ചേരി, ഏങ്ങണ്ടിയൂര്‍, കടവല്ലൂര്‍ എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പുറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐസക്.
വികസനം തകര്‍ക്കാന്‍ മാത്രമേ പ്രതിപക്ഷ നേതാവിന് അറിയൂ. അതിനാലാണ് കിഫ്ബി ഭരണഘടന വിരുദ്ധമെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉടച്ചു വാര്‍ക്കുമെന്നും പറയുന്നത്. ഉടയ്ക്കും മുമ്പ് വാര്‍ക്കുന്ന വിദ്യ മുന്‍കൂട്ടി പറയണം.
കിഫ്ബിയുടെ സല്‍പ്പേര് തകര്‍ക്കാനാണ് ഇ ഡിയുടെ പരിശോധനയെന്ന് കിഫ്ബിക്ക് ലഭിക്കുന്ന വായ്പ ഇല്ലാതാക്കാനാണ് ശ്രമം. കിഫ്ബിയിലൂടെ സംസ്ഥാനത്ത് 10,000 കോടി രൂപയുടെ വികസനം പൂര്‍ത്തിയായി. 50,000 കോടിയുടെ വികസനംകൂടി നടക്കാനിരിക്കുന്നു
സംസ്ഥാനത്തെ വികസനത്തിനുള്ള പണം കേന്ദ്രധനമന്ത്രിയോട് ആവശ്യപ്പെട്ടപ്പോള്‍ അംബാനിയോടും അദാനിയോടും ചോദിക്കാനായിരുന്നു മറുപടി. അതുകൊണ്ടാണ് കിഫ്ബി വഴി പണം സമാഹരിച്ചത്. സംസ്ഥാനത്തിന് പണം കടം വാങ്ങാനാണ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണ്ടത്. സംസ്ഥാനം രൂപീകരിച്ച കമ്പനിയായ കിഫ്ബിക്ക് കടം വാങ്ങാന്‍ തടസ്സമില്ല.
വോട്ടിനുള്ള കൈക്കൂലിയല്ല ക്ഷേമപെന്ഷനുകളെന്നും അത് ജനങ്ങളുടെ അവകാശമാണെന്നും പ്രതിപക്ഷ നേതാവ് മനസ്സിലാക്കണം. 600രൂപയില്‍ നിന്ന് 1600രൂപയാക്കിയത് ഇടതുമുന്നണി സര്‍ക്കാരാണ്. വിശേഷ അവസരങ്ങളില്‍ ക്ഷേമപെന്‍ഷനുകള്‍ അഡ്വാന്‍സായി മുമ്പും നല്‍കിയിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.