ആറ്റിങ്ങൽ: സംഘടനകളുടെ പ്രതിഷേധ പ്ലകാര്‍ഡുകളില്‍ അക്ഷരത്തെറ്റുണ്ടാകുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ സംഘടനയുടെ ആദര്‍ശത്തിനും പ്രതിഷേധത്തിനും തന്നെ വിപരീതമാവുന്ന പ്ലകാര്‍ഡ് പ്രവർത്തകർ തന്നെ ഉയര്‍ത്തിയാലോ?
ബിജെപി ആറ്റിങ്ങലില്‍ നടത്തിയ ഒരു പ്രതിഷേധത്തില്‍ ഇത്തരത്തിലുള്ള ഒരു രസകരമായ സംഭവം അരങ്ങേറി. ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ വനംകൊള്ളയ്‌ക്കെതിരെ ബിജെപി നടത്തിയ സമരത്തിലാണ് നാടകീയ മണ്ടത്തരം.
വനംകൊള്ളയ്ക്കെതിരായ പ്രതിഷേധത്തില്‍ രണ്ട് വനിതാ പ്രവര്‍ത്തകരമുണ്ട്. വനംകൊള്ളക്കാരെ അറസ്റ്റ് ചെയ്യുകയെന്നാണ് ഒരാളുടെ കൈകളിലുള്ള പ്ലകാര്‍ഡില്‍ എഴുതിയിരിക്കുന്നത്.
രണ്ടാമത്തെയാളുടെ കൈകളില്‍ ‘പെട്രോള്‍ സെഞ്ച്വറിയടിച്ചു പ്രതിഷേധിക്കുക -ഡിവൈഎഫ്‌ഐ’ എന്നായിരുന്നു എഴുതിയത്. അമളി ആദ്യമൊന്നും ആര്‍ക്കും മനസിലായില്ല. കുറേ നേരം കഴിഞ്ഞപ്പോള്‍ പ്രതിഷേധം ക്യാമറയില്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ചിരിക്കാന്‍ തുടങ്ങി.
ഇതോടെ മറ്റൊരു നേതാവ് വനിതാ പ്രവർത്തകയുടെ പ്ലകാര്‍ഡ് കീറിയെറിഞ്ഞു. അബദ്ധത്തില്‍ ഒട്ടും പതറാതെ മറ്റു നേതാക്കളും പ്രവർത്തകരും പ്രതിഷേധം തുടര്‍ന്നു.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബിജെപിയുടെ അബദ്ധം എങ്ങെനെ സംഭവിച്ചുവെന്ന് വ്യക്തമല്ല. പ്രാദേശിക ചാനലുകള്‍ അമളി ആഘോഷമാക്കുകയാണ്.