ധർമ്മടം പഞ്ചായത്തിൽ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗ വ്യാപന ഭീഷണി നേരിടാൻ യുദ്ധസമാന തയ്യാറെടുപ്പുകൾ പൂർത്തിയാവുന്നു. ഏത് അടിയന്തിര സാഹചര്യങ്ങളെയും ഭയക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് പഞ്ചായത്ത് ഭരണസമിതി ഒരുക്കിയിട്ടുള്ളത്. രോഗം പിടിപെടുന്ന ആർക്കും ചികിത്സയും ഭക്ഷണവും കിട്ടാത്ത നില പഞ്ചായത്തിൽ ഉണ്ടാവില്ലെന്ന് പ്രസിഡണ്ട് എൻ കെ രവി അറിയിച്ചു. വാർഡ് തല സമിതി ഇക്കാര്യത്തിൽ 24 മണിക്കൂറും ജാഗ്രത പാലിക്കും. സഹായത്തിനായി ഹെൽപ് ഡസ്കുകുകൾ പ്രവർത്തിച്ചു തുടങ്ങി. ഇവരെ ബന്ധപ്പെടാനുള്ള മൊബൈൽ നമ്പറുകളും സോഷ്യൽ മീഡിയ വഴിയും അല്ലാതെയും എല്ലാവർക്കും കൈമാറിയിട്ടുണ്ട്. ഓരോ വാർഡിലും 5 വീതം വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ലോക് ഡൌൺ നിയന്ത്രണങ്ങളിൽ പ്രയാസപ്പെടുന്നവർക്ക് ഇവരെ ആശ്രയിക്കാം. ബ്രണ്ണൻ കോളേജിലെ ലേഡീസ് ഹോസ്റ്റൽ പഞ്ചായത്തിലെ ഡൊമിനിയൽ സെന്ററാക്കി മാറ്റിയിട്ടുണ്ട്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ സൌകര്യമില്ലാത്ത കോവിഡ് രോഗികളെ ഉദ്ദേശിച്ചാണ് വീടിന് സമാന ചുറ്റുപാടുള്ള ഡൊമിനിയൽ സെന്റർ ഒരുക്കിയിട്ടുള്ളത്. കോവിഡ് ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരെ ഇവിടെ പാർപ്പിക്കാനാവും. 20 കിടക്കകളും അനുബന്ധ സൌകര്യങ്ങളും ഹോസ്റ്റലിൽ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ പാലയാട് ഡയററി ൽ 85 കിടക്കകൾ സജ്ജീകരിച്ച സി എഫ് എൽ ടി സി യുമുണ്ട്. മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ഓക്സിജൻ സൌകര്യം ഉൾപ്പെടെ ഇവിടെ ഒരുക്കിയിട്ടുണ്ട്. താൽക്കാലിക കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്ക് ഭക്ഷണം എത്തിക്കാനായി സാമൂഹ്യ അടുക്കളയും ഉടൻ ആരംഭിക്കും. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വിളിച്ചാൽ വിളിപ്പുറത്ത് എത്താനായി ആമ്പുലൻസ് സൌകര്യവും ഏർപ്പെടുത്തുന്നുണ്ട്. ഇതിനായി അഞ്ച് വാഹന ഉടമകളുമായി ചർച്ചകൾ നടത്തിയതായും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ ഷീജ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം പി മോഹനൻ, കെ കെ ശശീന്ദ്രൻ, കെ ബിന്ദു എന്നിവരും ചേർന്നാണ് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.