എ. ആർ. നഗർ ബാങ്കിലെ ഇടപാടിൽ ഇ. ഡി. അന്വേഷണം വേണമെന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് കെ. ടി. ജലീൽ

എ.ആർ. നഗർ ബാങ്കിലെ കളളപ്പണ ഇടപാടിൽ ഇ.ഡി. അന്വേഷണം വേണമെന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് കെ.ടി.ജലീൽ എം.എൽ.എ. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് തെളിവു നൽകിയ ശേഷം കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

സർക്കാറിന്റെ സഹകരണ ഡിപ്പാർട്ട്മെന്റ് നല്ല നിലയിൽ അന്വേഷണം നടത്തുന്നുവെന്നാണ് താൻ പറഞ്ഞതെന്നും കെ.ടി.ജലിൽ വിശദീകരിച്ചു. നല്ല നിലയിൽ അന്വേഷണം നടത്തുന്നതിനാലാണ് അത്രയും നല്ല റിപ്പോർട്ട് ബന്ധപ്പെട്ട അന്വേഷണ സംഘം സർക്കാറിന് സമർപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്ന് വാർത്താ സമ്മേളനത്തിൽ സംസാരിച്ചത്.

ആദായ നികുതി വകുപ്പും റിസർവ്വ് ബാങ്കും അതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. ഇ. ഡി. അന്വേഷണം ഇപ്പോൾ ആവശ്യമില്ല. ഏത് ഏജൻസി അന്വേഷിക്കണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. മുഖമന്ത്രിക്കും സഹകരണ മന്ത്രിക്കും ഇതുമായി ബന്ധപ്പെട്ട നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രി നല്ല നിലയിലാണ് ഇതിനോട് പ്രതികരിച്ചത്. മുഖമന്ത്രി തന്നെ വിളിപ്പിച്ചിട്ടില്ല. സാധാരണ മുഖ്യമന്ത്രിയെ കാണുന്ന പതിവുണ്ട്. അത് പോലെയാണ് ഇന്ന് കൂടികാഴ്ച നടത്തിയത്. ഇ.ഡി.യുടെ ഇടപെടൽ സഹകരണ ബാങ്കിൽ വേണമെന്നത് തന്റെ ആവശ്യമേയല്ല. സംസ്ഥാന സഹകരണ വകുപ്പ് അന്വേഷിക്കണമെന്നാണ് പറഞ്ഞത്.

മുസ്ലിം ലീഗിനെതിരായ തന്റെ പോരാട്ടത്തിന് മുഖ്യമന്ത്രിയുടെയും പാർട്ടിയുടെ പിന്തുണയുണ്ട്. പാർട്ടി സെക്രട്ടറിയുടെ ഇന്നത്തെ പ്രസ്താവന ഇത് വ്യക്തമാക്കുന്നതാണ്.കള്ളപ്പണ ഇടപാട് ഒരു പാർട്ടിയുടെയും സമുദായത്തിന്റെയും പേരിൽ നടത്താൻ പാടില്ല. മുസ്ലിം ലീഗ് കള്ളപ്പണ ഇടപാട് നടത്തുകയും കോടി കണക്കിന് വരുന്ന പലിശ എഴുതിയെടുത്ത് ഉപയോഗിക്കുകയാണ്.

കേരളത്തിലങ്ങോളമുള്ള ലീഗിന്റെ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾക്ക് എ.ആർ. നഗർ ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരുന്നു. വിവാദമായതോടെയാണ് ഇത് പിൻവലിച്ചത്. ഒരു പാർട്ടിയുടെ സംവിധാനത്തെ ഉപയോഗിച്ച് ഒരു വ്യക്തി കളളപ്പണ ഇടപാട് നടത്തുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. ഇതിനെ ശക്തിയുക്തം എതിർക്കണം.

എ ആർ. നഗർ ബാങ്കുമായി ബന്ധപ്പെട്ട് ശക്തമായി നടപടിക്ക് വേണ്ടി സമ്മർദ്ദം ചെലുത്തും. വ്യക്തിപരമായ പ്രശ്നമല്ല ഇത്. ഈ സംഭവത്തിന് ശേഷം എന്ത് കൊണ്ടാണ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കാണാത്തതെന്നും കെ. ടി. ജലീൽ ചോദിച്ചു.

spot_img

Related Articles

Latest news