നിലമ്പൂര്‍: മകളുടെ വീട്ടില്‍ വിരുന്നിനെത്തിയ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. എടക്കര പാലേമാട് മുള്ളമടയില്‍ അബ്ദുള്‍ അസീസിന്റെ ഭാര്യ ചിറമക്കല്‍ റസിയ ബാനു(55)ആണ് മമ്പാട് പഞ്ചായത്തിലെ കാട്ടുമുണ്ട കൂട്ടിലങ്ങാടിയിലെ മകള്‍ ബിന്‍സിയയുടെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചത്.
നാലുദിവസം മുന്‍പാണ് മകളുടെ വീട്ടിലെത്തിയത്. ഇടക്കിടെ മകളുടെ വീട്ടില്‍ വന്ന് നില്‍ക്കാറുണ്ട്. മകള്‍ ബിന്‍സിയ മക്കളുമൊത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ നോമ്പുതുറക്ക് പോയതായിരുന്നു. രാത്രി എട്ടരയോടെ വീട്ടില്‍ നിന്നും നിലവിളി കേട്ട് അയല്‍വാസി മന്‍സൂര്‍ ഓടിയെത്തിയപ്പോള്‍ കിടപ്പുമുറിയില്‍ നിന്നും തീ ഉയരുന്നത് കണ്ടു.
വീടിന്റെ മുന്‍വശത്തെ വാതിലും പിറകു വശത്തെ വാതിലും കുറ്റിയിട്ട നിലയിലായിരുന്നു. അടുക്കള വാതില്‍ ബലം പ്രയോഗിച്ച് തുറന്ന് അകത്തെത്തിയപ്പോള്‍ റസിയബാനു നിലത്തുകിടക്കുന്ന അവസ്ഥയിലായിരുന്നു. മന്‍സൂറും സമീപവാസികളും ചേര്‍ന്ന് ഉടന്‍ തന്നെ വെള്ളമൊഴിച്ച് തീ കെടുത്തി കിടപ്പുമുറിയില്‍ നിന്നും റസിയബാനുവിനെ ഹാളിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കിടപ്പുമുറിയിലെ കിടക്കയും സ്റ്റീല്‍ അലമാരയും സമീപത്തുണ്ടായിരുന്ന തുണിക്കെട്ടും കത്തി നശിച്ചു. വിവരമറിഞ്ഞ് നിലമ്പൂര്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും വണ്ടൂര്‍ പോലീസ് സ്‌റ്റേഷന്റെ പരിധിയിലായതിനാല്‍ വണ്ടൂര്‍ പോലീസ് എത്തിയാണ് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
റിന്‍സിയയാണ് മറ്റൊരു മകള്‍. രോഗങ്ങളാല്‍ വളരെ പ്രയാസത്തിലായിരുന്നു റസിയബാനുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.