തിരുവനന്തപുരം: രാജ്യത്ത് ഡീസൽ വില വീണ്ടും കൂടി. ഒരു ലിറ്റർ ഡീസലിന് 26 പൈസയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് രാജ്യത്ത് കൂടിയത്.
ഒരു ലിറ്ററിന് 94.05 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില. 95.87 രൂപയാണ് തിരുവനന്തപുരത്തെ ഡീസൽ വില. കോഴിക്കോട് 94.24 രൂപയാണ് വില. എന്നാൽ, പെട്രോൾ വിലയിൽ മാറ്റമില്ല. ഇന്നും 101.48 രൂപയാണ് പെട്രോൾ വില.
രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ വാദം. പശ്ചിമബംഗാളിൽ പെട്രോൾ വില 100 കടന്നതിന്റെ കാരണം തൃണമൂൽ സർക്കാർ ഉയർന്ന നികുതി ഈടാക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി.
അതേസമയം, കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്തു.