നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപ് കുറ്റവിമുക്തൻ, പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കൊച്ചി: യുവനടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകർത്തിയ കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി.കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവർ. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റം ഇവർക്കെതിരെ തെളിഞ്ഞു. ദിലീപിനെ ബലാത്സംഗക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കി. ആറ് പ്രതികളുടെ ജാമ്യം റദ്ദാക്കി. ഇവർക്ക് പരമാവധി ശിക്ഷ ലഭിക്കാനാണ് സാദ്ധ്യത. ഈ മാസം 12 വെള്ളിയാഴ്‌ചയാണ് ശിക്ഷാവിധി.

ഏഴാം പ്രതി ചാർലി, ദിലീപ്, സുഹൃത്ത് ശരത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതേവിട്ടു. ദിലീപിനെതിരെ ഗൂഢാലോചനയ്‌ക്കും തെളിവ് നശിപ്പിക്കലിനും തെളിവിലെന്ന് കോടതി പറഞ്ഞു. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജ‌ഡ്‌ജി ഹണി എം വർഗീസ് ആണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ലൈംഗിക അതിക്രമത്തിന് ക്വട്ടേഷൻ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസില്‍ എട്ടരവർഷത്തിനുശേഷമാണ് വിധിവരുന്നത്. ദിലീപുള്‍പ്പെടെ കേസില്‍ പത്ത് പ്രതികളാണ് ഉണ്ടായിരുന്നത്. പള്‍സർ സുനി ഒന്നാംപ്രതി. മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച്‌ സലിം (വടിവാള്‍ സലിം), പ്രദീപ്, ചാർളി തോമസ് എന്നിവരാണ് രണ്ടു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍. നടൻ ദിലീപ് എട്ടാം പ്രതിയും സനില്‍കുമാർ (മേസ്തിരി സനില്‍) ഒമ്ബതാം പ്രതിയുമായിരുന്നു.

ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലപ്രയോഗം, അന്യായ തടങ്കല്‍, തെളിവുനശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. തെളിവുനശിപ്പിക്കലിന് കൂട്ടുനിന്ന ദിലീപിന്റെ സുഹൃത്ത് ജി ശരത്ത് പത്താം പ്രതിയാണ്. 2017 ഫെബ്രുവരി 17ന് അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്.

spot_img

Related Articles

Latest news