കൊച്ചി: ചലച്ചിത്ര പ്രേമികള്‍ക്കായി ചിരിമേളമൊരുക്കിയ പ്രിയ സംവിധായകൻ സിദ്ധിഖ് വിടവാങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ അല്‍പ്പ സമയം മുൻപായിരുന്നു അന്ത്യം. സംവിധായകരായ ബി ഉണ്ണികൃഷ്ണനും ലാലും ചേര്‍ന്നാണ് വിയോഗ വാര്‍ത്ത അറിയിച്ചത്. കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെ എക്മോ സംവിധാനത്തിന്റെ സപ്പോര്‍ട്ടില്‍ കഴിയവേയാണ് അന്ത്യം.
മൃതദേഹം നാളെ രാവിലെ ഒൻപത് മണി മുതല്‍ കടവന്ത്ര ഇൻഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും എറണാകുളം സെന്റര്‍ ജുമാ മസ്ജിദില്‍ നാളെ വൈകുന്നരം ആറുമണിയോടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ന്യൂമോണിയയും കരള്‍ രോഗവും കാരണം ജൂലായ് പത്തിനാണ് സിദ്ധിഖിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. സംവിധായകൻ, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ മേഖലകളില്‍ ശോഭിച്ചിരുന്ന അദ്ദേഹം മലയാളത്തിനൊപ്പം തമിഴ്, ഹിന്ദി ചലച്ചിത്ര രംഗത്തും വിജയചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു. ഭാര്യ പരേതയായ സജിത.സുമയ്യ,സുകൂണ്‍,സാറ എന്നിവര്‍ മക്കളാണ്.
ഇസ്മയില്‍ ഹാജി- സൈനബ ദമ്പതികളുടെ മകനായി 1954 ഓഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ ജനനം. കൊച്ചി കലാഭവനിലൂടെ ഉയര്‍ന്നു വന്ന അദ്ദേഹം പിന്നീട് ഫാസിലിന്റെ കീഴില്‍ സഹസംവിധായകനായി. 1986-ല്‍ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്നചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സിദ്ധിഖും ലാലും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 1989-ല്‍ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട് സംവിധാനത്തിലേയ്ക്കും ചുവടുറപ്പിച്ചു. പിന്നീട് സിദ്ധിഖ്-ലാല്‍ എന്ന ലേബലില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് നിറചിരിയോടെ സ്വീകരിച്ചു. സിദ്ധിഖ്-ലാല്‍ വിജയ കൂട്ടുകെട്ട് അവസാനിപ്പിച്ച ശേഷം സ്വതന്ത്ര സംവിധായകനായും തിളങ്ങി. മോഹൻലാൻ നായകനായ ബിഗ്ബ്രദറാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.