മുക്കം:തങ്ങളുടെ ഒരു മാസത്തെ ഭിന്നശേഷി പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി രണ്ട് കൊച്ചു മിടുക്കർ.കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻ്ററി സ്കൂളിലെ ഒൻപതാം തരം വിദ്യാർത്ഥികളായ അഭിനന്ദും അഭിനവുമാണ് മാതൃക പ്രവർത്തനം നടത്തിയത്.
വയനാടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായങ്ങളെത്തുമ്പോൾ തങ്ങൾക്ക് ലഭിച്ച ഭിന്നശേഷി പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയായിരുന്നു ഇവർ. ഇതാേടെ
പരിമിതികൾക്ക് മുന്നിൽ പകച്ചു നിൽക്കാതെ എങ്ങിനെ അതിജീവിക്കാമെന്നതിൻ്റെ ഉത്തമ ഉദാഹരണം കൂടിയായി ഈ വിദ്യാർത്ഥികൾ. കൊടിയത്തുർ പിടിഎം ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പിക്ക് തുക കൈമാറി.
ടി.വിയിലും പത്രമാധ്യമങ്ങളിലുമെല്ലാം വയനാട് ദുരന്തത്തെ കുറിച്ചറിഞ്ഞപ്പോൾ തങ്ങൾക്കും എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഉണ്ടാവുകയായിരുന്നു എന്നും വീട്ടുകാരോട് കാര്യങ്ങൾ പറഞ്ഞപ്പോൾ വലിയ പിന്തുണയാണ് ലഭിച്ചതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.മറ്റ് കുട്ടികൾക്കും ഇതൊരു പ്രചോദനമാവട്ടെ എന്ന് കരുതിയാണ് സ്കൂളിലെ ലൈബ്രറി കെട്ടിടോദ്ഘാടന ചടങ്ങ് നടന്ന ദിവസം തന്നെ തുക കൈമാറാൻ തെരഞ്ഞെടുക്കാൻ കാരണമെന്നും വിദ്യാർത്ഥികൾ പറഞ്ഞു
വിദ്യാർത്ഥികളുടേത് സമാനതകളില്ലാത്ത മാതൃകയാണന്ന് പ്രധാനാധ്യാപകൻ ജി. സുധീർ പറഞ്ഞു. സ്കൂളിൽ കലാരംഗത്തും മികച്ച പ്രകടനങ്ങൾ നടത്തുന്ന
അഭിനവിൻ്റെയും അഭിനന്ദിൻ്റെയും പ്രവർത്തനത്തെ കയ്യടികളോടെയാണ് വിദ്യാർത്ഥികളും സ്വീകരിച്ചത്
സിനിമ താരവും മിമിക്രി കലാകാരനുമായ ബാലകൃഷ്ണൻ കാരശ്ശേരിയുടേയും അനിതയുടേയും മക്കളാണ് അഭിനവും അഭിനന്ദും.