രണ്ടു വയസ്സുകാരിയുടെ തിരോധാനം; സഹോദരന്റെ മൊഴിയില്‍ അവ്യക്തത; കുട്ടിക്ക് വേണ്ടി വ്യാപക തിരച്ചിൽ തുടരുന്നു.

തിരുവനന്തപുരം: രണ്ടു വയസ്സുകാരിയുടെ തിരോധാനത്തില്‍ പൊലീസിനെ കുഴപ്പിച്ച്‌ സഹോദരന്റെ മൊഴി. കുട്ടിയുടെ മൂത്ത സഹോദരന്റെ മൊഴിയില്‍ പറയുന്നതില്‍നിന്നു വ്യത്യാസമായി മറ്റൊരു വഴിയിലൂടെ പൊലീസ് നായ പോയത് പൊലീസിനെ കൂടുതല്‍ സംശയങ്ങല്‍ക്കിട വരുത്തുന്നു.കുട്ടിയെ തട്ടിയെടുത്തെന്നു കരുതുന്ന മഞ്ഞ സ്കൂട്ടർ പോയെന്നു സഹോദരൻ പറഞ്ഞതിന് എതിർദിശയിലാണ് നായ സഞ്ചരിച്ചത്.

മഞ്ഞ സ്കൂട്ടറാണു വന്നതെന്നും അതില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണു കാണാതായ പെണ്‍കുട്ടിയുടെ മൂത്ത സഹോദരൻ പറഞ്ഞത്. എന്നാല്‍ ഇത് ഇളയ സഹോദരൻ പറഞ്ഞ അറിവാണെന്നാണു പിന്നീട് ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞത്. സ്കൂട്ടറിലാണു തട്ടിക്കൊണ്ടു പോയതെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും പൊലീസ് കമ്മിഷണറും പറഞ്ഞു.

തിരുവനന്തപുരം പേട്ട ബ്രഹ്മോസിനു സമീപത്തുനിന്നു ബിഹാർ സ്വദേശികളുടെ രണ്ടു വയസ്സുകാരി മകളെ അജ്ഞാതർ തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. റെയില്‍വേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന അമർദീപ്-റബീന ദേവി എന്നിവരുടെ കുഞ്ഞ് മേരിയെയാണ് കാണാതായത്. അമർദീപ്-റബീന ദേവി ദമ്പതികള്‍ക്ക് നാലു കുട്ടികളാണുള്ളത്. മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് രണ്ടു വയസ്സുകാരിയും ഉറങ്ങാൻ കിടന്നതെന്നു രക്ഷിതാക്കള്‍ പറയുന്നു. ഒരുമണിക്കുശേഷം ഉണർന്നപ്പോള്‍ കുട്ടിയെ കണ്ടില്ലെന്നാണ് ഇവർ പൊലീസിനു നല്‍കിയ മൊഴി. കറുപ്പും വെള്ളയും പുള്ളികളുള്ള ഒരു ടീഷര്‍ട്ട് മാത്രമാണ് കാണാതാകുമ്പോള്‍ കുഞ്ഞ് ധരിച്ചിരുന്നത്.പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പൊലീസ് അന്വേഷണം. കുട്ടിയെ കാണാതായ സ്ഥലത്തിനു സമീപത്തെ ചതുപ്പിലും പരിശോധന നടത്തുന്നുണ്ട്. കാണാതായ കുട്ടിയുടെ കുടുംബത്തിനൊപ്പമെത്തിയ ഇതര സംസ്ഥാനക്കാരെയും പൊലീസ് പരിശോധിക്കുന്നു. റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടത്തുന്നുണ്ട്. ജില്ലാ അതിർത്തികളിലും പൊലീസ് കനത്ത ജാഗ്രതയിലാണ്. കുട്ടിയെക്കുറിച്ച്‌ വിവരം ലഭിക്കുന്നവർ അറിയിക്കേണ്ട നമ്പറുകള്‍: 0471-2501801, 9497990008, 9497947107. അല്ലെങ്കില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം നമ്പര്‍: 112.

spot_img

Related Articles

Latest news