കെച്ചി: മൂന്നാം സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമായിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
ഈ മാസം 27 ന് പാണക്കാട് ലീഗിന്റെ നേതൃയോഗം വിളിച്ചിട്ടുണ്ട്. ഇന്നത്തെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന്, കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ സ്ഥലത്തില്ല. അദ്ദേഹം നാളെയെ തിരിച്ചെത്തുകയുള്ളൂ. മറ്റന്നാള്‍ പാണക്കാട്ട് നേതൃയോഗം വിളിച്ചിട്ടുണ്ട്. അദ്ദേഹവുമായും മറ്റു നേതാക്കളുമായും ചര്‍ച്ച ചെയ്ത് 27 ന് തന്നെ തീരുമാനമെടുക്കും. തീരുമാനം കോണ്‍ഗ്രസ് നേതാക്കളെയും അറിയിക്കും.ചര്‍ച്ച പോസിറ്റീവാണ്. കാര്യങ്ങളൊക്കെ തീര്‍ന്നുപോകും. ചര്‍ച്ചയുടെ ഡീറ്റെയില്‍സ് പലതുമുണ്ട്. അതു ലീഗ് നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മൂന്നാം സീറ്റില്‍ ഉറപ്പു ലഭിച്ചോയെന്ന ചോദ്യത്തിന്, അതിന് ഉത്തരത്തിന് 27 -ാം തീയതി വരെ കാത്തിരിക്കേണ്ടി വരും. അഭ്യൂഹങ്ങള്‍ വേണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസുമായി ഇനി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് തോന്നുന്നത്. ലീഗ് നേതൃയോഗത്തിന് ശേഷം എന്തെങ്കിലും ചര്‍ച്ച ചെയ്യാനുണ്ടെങ്കില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും. രാജ്യസഭാ സീറ്റിനെക്കുറിച്ച് ഇപ്പോഴൊന്നും പറയേണ്ട കാര്യമില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.കൊച്ചി ആലുവ ഗസ്റ്റ് ഹൗസിലായിരുന്നു കോണ്‍ഗ്രസും ലീഗും തമ്മില്‍ മൂന്നാം സീറ്റ് വിഷയത്തില്‍ ചര്‍ച്ച നടന്നത്. പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിഎംഎ സലാം, കെപിഎ മജീദ്, ഡോ. എംകെ മുനീര്‍ തുടങ്ങിയവര്‍ ലീഗിനു വേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തു. കോണ്‍ഗ്രസിനായി കെ സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, എംഎം ഹസന്‍ തുടങ്ങിയവരും സംബന്ധിച്ചു.