സാന്ത്വന സ്പര്‍ശം ജില്ലാതല അദാലത്തുകള്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ

ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടക്കും.

പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്‍ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും.

ഫെബ്രുവരി 1, 2, 4 തീയതികളില്‍ കണ്ണൂര്‍, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം കോഴിക്കോട് എന്നീ 5 ജില്ലകളില്‍ അദാലത്ത് നടക്കും. ഫെബ്രുവരി 8, 9, 11 തീയതികളില്‍ കാസര്‍കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍. ഈ ജില്ലകളിൽ ഫെബ്രുവരി 2ന് വൈകിട്ട് വരെ അപേക്ഷ സ്വീകരിക്കും.

ഫെബ്രുവരി 15,16, 18 തീയതികളില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍. ഈ ജില്ലകളില്‍ ഫെബ്രുവരി 3 ഉച്ച മുതല്‍ ഫെബ്രുവരി 9 വൈകിട്ട് വരെ പരാതി സ്വീകരിക്കും.

ആദിവാസി മേഖലകളില്‍ കഴിയുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിന് അക്ഷയ സെന്‍ററുകള്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചു. ആദിവാസികള്‍ക്കടുത്തേക്ക് പോയി പരാതി സ്വീകരിക്കും.

സാന്ത്വന സ്പര്‍ശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണും. അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ നിയമഭേദഗതി വഴിയോ ചട്ടത്തില്‍ മാറ്റം വരുത്തിയോ നയപരമായ തീരുമാനം വഴിയോ പരിഹരിക്കേണ്ട കാര്യങ്ങളും ഉണ്ടാകും. അത്തരം പ്രശ്നങ്ങള്‍ കലക്ടര്‍മാര്‍ ഏകീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകും.

മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെല്‍ കാര്യക്ഷമമായി പരാതികള്‍ക്ക് പരിഹാരം കാണന്നുണ്ട്. ഇതുവരെ ലഭിച്ച 3,21,049 പരാതികളില്‍ 2,72,441 എണ്ണം തീര്‍പ്പാക്കി. സി.എം.ഒ പോര്‍ട്ടലില്‍ 5,74,220 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 34,778 എണ്ണമാണ് തീര്‍പ്പാക്കാനുള്ളത്. ഇതിനെല്ലാമുപരി പരാതികള്‍ പൊതുജനങ്ങള്‍ക്കുണ്ടെങ്കില്‍ ഉന്നതതലത്തില്‍ നേരിട്ട് പരിഹരിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്‍റെ ഭാഗമായാണ് സാന്ത്വന സ്പര്‍ശം സംഘടിപ്പിക്കുന്നത്.

spot_img

Related Articles

Latest news