മാസ്ക്കിടാത്തവർക്കെതിരെ ബലപ്രയോഗം വേണ്ട : ഡിജിപി

തിരുവനന്തപുരം:പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് നിര്‍ദേശവുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. മാസ്‌ക് ധരിക്കാത്തവരോട് പൊലീസ് അപമര്യാദയായി പെരുമാറാന്‍ പാടില്ലെന്നും അവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം പാല്‍ വില്‍പന കേന്ദ്രങ്ങള്‍, ബേക്കറി എന്നിവ പ്രവര്‍ത്തിക്കാന്‍ പോലീസ് അനുവദിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഭക്ഷണശാലകള്‍, പലവ്യജ്ഞനക്കടകള്‍ എന്നിവ നിശ്ചിത സമയപ്രകാരം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.

മാധ്യമ പ്രവര്‍ത്തകരെ അക്രഡിറ്റേഷന്‍ കാര്‍ഡോ മാധ്യമസ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കണം. ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയാന്‍ പാടില്ല. അതേസമയം മയക്കുമരുന്ന്, കള്ളക്കടത്ത് സാമഗ്രികള്‍ എന്നിവ കൊണ്ടുപോകുന്നതായി വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ചരക്കു വാഹനങ്ങള്‍ പരിശോധിക്കാന്‍ പാടുള്ളൂ.
ചില പ്രദേശങ്ങളില്‍ കടകള്‍ നിശ്ചിത സമയത്തിന് മുന്‍പായി നിര്‍ബന്ധിച്ച് അടപ്പിക്കുന്നതിനായി റിപ്പോര്‍ട്ടുണ്ട്. ഇത് പൂര്‍ണമായി ഒഴിവാക്കണം. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത സാധരണ ജോലിക്കാര്‍ കൂലിപ്പണിക്കാര്‍ എന്നിവരെ അവരുടെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് യാത്ര ചെയ്യാന്‍ അനുവദിക്കണം. എന്നാല്‍ അവരുടെ മൊബൈല്‍ നമ്പറും പേരും വാങ്ങി വയ്ക്കണം. വീട്ടുജോലിക്കാര്‍, ഹോം നേഴ്‌സ്, മുതിര്‍ന്നവരെ വീടുകളില്‍ പോയി പരിചരിക്കുന്നവര്‍ എന്നിവരെ സാക്ഷ്യപത്രം പരിശോധിച്ച് കടത്തിവിടണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

spot_img

Related Articles

Latest news