കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്ക് വെട്ടേറ്റു. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. താമരശ്ശേരി സ്വദേശി സനൂപാണ് വെട്ടിയത്.അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസുകാരിയുടെ പിതാവാണ് സനൂപ്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് ആരോപിച്ചായിരുന്നു ആക്രമണം.
തലയ്ക്ക് പരിക്കേറ്റ ഡോക്ടറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് മകള്‍ മരിച്ചതെന്ന് ആരോപിച്ചുകൊണ്ടാണ് ഡോക്ടറെ വെട്ടിയത്. ‘എന്റെ മകളെ കൊന്നവൻ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചുകൊണ്ടിരിക്കവേയാണ് സനൂപ് സ്ഥലത്തെത്തി ഡോക്ടറെ വെട്ടിയത്.
സൂപ്രണ്ടിനെ അന്വേഷിച്ചാണ് സനൂപ് ആശുപത്രിയിലെത്തിയത്. ഈ സമയം സൂപ്രണ്ട് അവിടെ ഉണ്ടായിരുന്നില്ല. രണ്ട് കുട്ടികളും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. വിപിനെ കണ്ടതോടെ ആക്രമിക്കുകയായിരുന്നു. വിപിനാണോ അനയയെ ചികിത്സിച്ചതെന്ന് വ്യക്തമല്ല.
പനി ബാധിച്ച അനയയുമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു ആദ്യം സനൂപ് എത്തിയത്. അവിടെവച്ചാണ് അസുഖം മൂർച്ഛിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്‌തെങ്കിലും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്ക് മരണം സംഭവിച്ചു. ഇളയ കുട്ടിയ്‌ക്കും നേരത്തെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നു.
ഓഗസ്റ്റിലാണ് താമരശേരി ആനപ്പാറയില്‍ സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. അനയയും സഹോദരങ്ങളും വീടിന് സമീപത്തെ കുളത്തില്‍ നീന്തല്‍ പരിശീലിച്ചിരുന്നു. ഇവിടെ നിന്നാകാം രോഗം ബാധിച്ചതെന്നാണ് വിവരം.
താമരശ്ശേരി താലൂക്കാശുപത്രിയിലെ സൂപ്രണ്ടിന്റെ ഓഫീസില്‍ വെച്ചാണ് വെട്ടിയത്. ഇയാളെ പൊലീസ് പിടികൂടി. വെട്ടാനുപയോഗിച്ച വാളും പൊലീസ് പിടിച്ചെടുത്തു.