ദോഹ: രാജ്യം ലോകകപ്പ് തിരക്കിലേക്കു നീങ്ങിയതിനു പിന്നാലെ ഹമദ്, ദോഹ വിമാനത്താവളങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ ടെര്‍മിനലിനു മുന്നിലേക്കുള്ള (കര്‍ബ് സൈഡ്) പ്രവേശനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍.
അംഗീകൃത വാഹനങ്ങള്‍ക്കു മാത്രമായിരിക്കും ഇനി ടെര്‍മിനല്‍ മേഖലയിലേക്ക് പ്രവേശനം നല്‍കുന്നതെന്ന് എയര്‍പോര്‍ട്ട് വിഭാഗം അറിയിപ്പില്‍ വ്യക്തമാക്കി.
മുവാസലാത്ത് ടാക്സികള്‍, നടക്കാന്‍ പ്രയാസമുള്ള ഭിന്നശേഷിക്കാര്‍, ഖത്തര്‍ എയര്‍വേസ് ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍, എയര്‍പോര്‍ട്ട് ഷട്ട്ല്‍ ബസുകള്‍ എന്നിവക്കു മാത്രം കര്‍ബ്സൈഡ് വഴി യാത്രക്കാരെ ഇറക്കാം. സ്വകാര്യ വാഹനങ്ങള്‍ക്ക് ഹമദ്, ദോഹ വിമാനത്താവളങ്ങളില്‍ യാത്രക്കാരെ ഇറക്കാനും കയറ്റാനും എയര്‍പോര്‍ട്ട് കാര്‍ പാര്‍ക്ക് ഉപയോഗിക്കാം.
പാര്‍ക്കിങ് ചാര്‍ജ്
ഷോര്‍ട്ട് ടേം കാര്‍ പാര്‍ക്ക്: ഹമദ് വിമാനത്താവളത്തിലെ ഹ്രസ്വസമയ പാര്‍ക്കിങ്ങില്‍ 30 മിനിറ്റ് വരെ കാര്‍ പാര്‍ക്കിങ്ങിന് 25 റിയാല്‍ പാര്‍ക്കിങ് ഫീ ഈടാക്കും. പിന്നീടുള്ള ഓരോ 15 മിനിറ്റിനും 100 റിയാല്‍ വീതം ഫീ ഈടാക്കും. ദോഹ വിമാനത്താവളത്തിലെ ആഗമന കാര്‍ പാര്‍ക്കിങ്ങിലും ഇതേ ചാര്‍ജുതന്നെ ഈടാക്കും.
ലോങ് ടേം കാര്‍ പാര്‍ക്ക്: ആദ്യ ഒരു മണിക്കൂറിന് 25 റിയാല്‍ പാര്‍ക്കിങ് ഫീസ്. പിന്നീടുള്ള ഓരോ 15 മിനിറ്റിലും 100 റിയാല്‍ വീതം ഈടാക്കും. കാര്‍പാര്‍ക്കിങ് മേഖലയില്‍നിന്ന് ഹമദ് വിമാനത്താവള ടെര്‍മിനലിലേക്ക് ഷട്ട്ല്‍ ബസ് സര്‍വിസ് സൗകര്യമുണ്ടാവും