തെരഞ്ഞെടുപ്പ് സര്‍വേകളെ തള്ളുകയും കൊള്ളുകയും ചെയ്യാതെ സിപിഎം. സര്‍വേകളെ സൂചനയായി കാണാമെങ്കിലും അമിതമായി വിശ്വസിക്കേണ്ട എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. പ്രീ പോള്‍ സര്‍വേകളെ ജാഗ്രതയോടെ സമീപിക്കാനാണ് സിപിഎം തീരുമാനം. സമൂഹത്തിന്റെ ചെറിയ പരിച്ഛേദത്തിന്റെ അഭിപ്രായം മാത്രമാണ് സര്‍വേകളിലൂടെ പ്രതിഫലിക്കുന്നത്. ഇത് പൂര്‍ണാര്‍ത്ഥത്തില്‍ ജനഹിതത്തിന്റെ അളവുകോലല്ല.
എന്നാല്‍ ഭരണത്തേയും, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാവുന്ന ഘടകങ്ങളെയും സംബന്ധിച്ചുള്ള അഭിപ്രായ പ്രകടനങ്ങളെ സൂചനയായി കണക്കാക്കാം. ഈ സൂചനകള്‍ വിലയിരുത്തി ആവശ്യമായ തിരുത്തല്‍ വരുത്തണം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങളിലെ വലിയ ആള്‍ക്കൂട്ടം പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ അക്കാര്യത്തിലും അമിത ആത്മവിശ്വാസം പാടില്ല. മുന്നണിക്ക് വലിയ തിരിച്ചടിയേറ്റ തെരഞ്ഞെടുപ്പുകളിലും നേതാക്കളുടെ പൊതുയോഗങ്ങള്‍ക്ക് വലിയ ആള്‍ക്കൂട്ടമുണ്ടായിട്ടുണ്ട്.
നല്ല മാര്‍ജിനിലുള്ള വിജയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉറപ്പാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. കുടുംബയോഗങ്ങളായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വരെ സിപിഎമ്മിന്റെ പ്രധാന പ്രചാരണ മാര്‍ഗങ്ങളിലൊന്ന്. എന്നാല്‍ കോവിഡ് കാലത്ത് അതിന് തടസ്സങ്ങളുണ്ട്. അതിനാല്‍ നാലോ അഞ്ചോ കുടുംബങ്ങളെ പങ്കെടുപ്പിച്ച് വീട്ടുമുറ്റ സദസ്സ് സംഘടിപ്പിക്കും. പ്രധാന നേതാക്കളെ വീട്ടുമുറ്റ സദസ്സുകളില്‍ പങ്കെടുപ്പിക്കാനും സിപിഎം തീരുമാനിച്ചു. അതില്‍ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളെ പങ്കെടുപ്പിക്കാനും തീരുമാനമുണ്ട്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോളുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചു. മാര്‍ച്ച് 27 രാവിലെ 7 മുതല്‍ 2021 ഏപ്രില്‍ 29 രാത്രി 7.30 വരെയാണ് എക്സിറ്റ് പോളുകള്‍ നടത്തുന്നതിനും, അവയുടെ ഫലം അച്ചടി-ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴിയോ മറ്റു ഏതെങ്കിലും വിധത്തിലോ പ്രസിദ്ധീകരിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും കേന്ദ്ര കമ്മിഷന്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. 1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്റെ ഉപവകുപ്പ് ഒന്ന് പ്രകാരമാണ് കമ്മിഷന്റെ നടപടി.
അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകള്‍, ലോക്സഭയിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേയ്ക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ എന്നിവയ്ക്കാണ് ഇത് ബാധകമാവുക. നടക്കാനിരിക്കുന്ന പൊതു-ഉപ തെരഞ്ഞെടുപ്പുകളുടെ വിവിധ ഘട്ടങ്ങളിലെ വോട്ടിങ് സമയം അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറില്‍ പ്രവചന സര്‍വ്വേകളുടെ ഫലങ്ങള്‍ അടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാത്തരം വിവരങ്ങളും ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനും നിരോധനമുണ്ട്.