പാലക്കാട്: നെന്മറയില്‍ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അയല്‍വാസിയേയും അമ്മയെയും വെട്ടിക്കൊന്നു. തിരുത്തംപാടം ബോയന്‍ കോളനിയിലെ ചെന്താമരനാണ് ഇരട്ടക്കൊലപാതകം നടത്തിയത്.പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയാണ് വെട്ടിക്കൊന്നത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ (35) വെട്ടി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയാണ് ചെന്താമരന്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇന്നു രാവിലെയാണ് സുധാകരനെയും അമ്മയേയും വെട്ടിക്കൊന്നത്.
സുധാകരന്‍ തിരുപ്പൂരില്‍ ജോലി സ്ഥലത്തും, മക്കള്‍ സ്‌കൂളിലും പോയ സമയത്തായിരുന്നു 2019ല്‍ സജിതയെ ചെന്താമരന്‍ വെട്ടിക്കൊന്നത്. ഭാര്യയും കുട്ടിയുമായി പിരിഞ്ഞ് കഴിയുന്ന പ്രതി, കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം സജിതയുള്‍പ്പെടെയുള്ള അയല്‍വാസികളാണ് എന്ന ധാരണയിലുള്ള വൈരാഗ്യത്തിലാണ് സ്ഥലത്ത് ആളുകളൊന്നും ഇല്ലാത്ത സമയം നോക്കി സജിതയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. അന്വേഷണത്തില്‍ തെളിവുകളും നാട്ടുകാരുടെ മൊഴികളും പ്രതിയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. സംഭവസ്ഥലത്ത് നിന്നും കടന്നു കളഞ്ഞ പ്രതിക്ക് വേണ്ടി പോത്തുണ്ടിയുടെ പരിസര പ്രദേശങ്ങളിലും, സമീപത്തെ മലകളിലും, വനത്തിലും പോലീസ് സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയാണ് കണ്ടെത്തിയത്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും, കുടുബ പ്രശ്നങ്ങള്‍ക്കും, ഭാര്യയും കുട്ടിയും പിണങ്ങി പോയതും അയല്‍വാസിയായ സജിതക്കും മറ്റ് ചില അയല്‍ വാസികള്‍ക്കും പങ്കുണ്ട് എന്നുള്ള ധാരണയിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത് എന്ന് കുറ്റസമ്മതം നടത്തിയിരുന്നു. ഇതേ വൈരാഗ്യത്തിലാണ് ഇപ്പോള്‍ സജിതയുടെ ഭര്‍ത്താവ് സുധാകരനേയും അമ്മ ലക്ഷ്മിയേയുമാണ് ചെന്താമരന്‍ വധിച്ചത്.