തിരുവനന്തപുരം: സംസ്ഥാനത്തെ കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷാമം പരിഹരിക്കാൻ ആകർഷകമായ ആനുകൂല്യങ്ങളുമായി സർക്കാർ പുതിയ ഉത്തരവിറക്കി. ഈ ജില്ലകളിൽ ജോലി ചെയ്യുന്നവരുടെ ഒരു വർഷത്തെ സർവീസ്, സ്ഥലംമാറ്റ ആവശ്യങ്ങൾക്കായി പരിഗണിക്കുമ്പോൾ മറ്റ് ജില്ലകളിലെ രണ്ട് വർഷത്തെ സർവീസിന് തുല്യമായി കണക്കാക്കും.
പൊതുഭരണ വകുപ്പാണ് പുതിയ മാർഗ്ഗരേഖ പുറത്തിറക്കിയത്. ഈ ജില്ലകളിൽ നിശ്ചിത കാലയളവ് സേവനം പൂർത്തിയാക്കുന്നവർക്ക് അടുത്ത സ്ഥലംമാറ്റത്തിൽ അവർ ആവശ്യപ്പെടുന്ന ജില്ലകളിലേക്ക് ഒന്നാം മുൻഗണന ലഭിക്കും.
മറ്റ് പ്രധാന നിർദ്ദേശങ്ങൾ:
പി.എസ്.സി നിയമനം: ഈ ജില്ലകൾ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആദ്യത്തെ 10 വർഷം വർക്കിംഗ് അറേഞ്ച്മെന്റ്റ്, ഡെപ്യൂട്ടേഷൻ, ട്രാൻസ്ഫർ എന്നിവ അനുവദിക്കില്ല. നിയമന സമയത്ത് ഇതിനായി സമ്മതപത്രം വാങ്ങും.
അവധി: മെഡിക്കൽ ഗ്രൗണ്ടിലല്ലാതെ 30 ദിവസത്തിൽ കൂടുതൽ അവധിയെടുക്കുന്നവർ, ആ കാലയളവ് കൂടി അധികമായി ജോലി ചെയ്‌താലേ വെയിറ്റേജ് ആനുകൂല്യം ലഭിക്കൂ.
തദ്ദേശീയർക്ക് മുൻഗണന: ആ ജില്ലയിലുള്ളവർക്ക് അവിടെത്തന്നെ നിയമനം ലഭിക്കാൻ മുൻഗണന നൽകും.ഉദ്യോഗസ്ഥരുടെ കുറവ് മൂലം ഈ മൂന്ന് ജില്ലകളിലും വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇത്തരമൊരു സുപ്രധാന തീരുമാനമെടുത്തത്.

