കണ്ണൂർ : സംസ്ഥാന അമച്വർ ബോക്സിങ് അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ കെ സൂരജ് ബോക്സിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഡെവലപ്പ്മെന്റ് കമ്മിഷൻ വൈസ് ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ബി എഫ് ഐ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഐ. ഡി. നാനാവതി ചെയർമാൻ ആയി കമ്മിററി തിരഞ്ഞടുക്കപ്പെട്ടത്. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയായ ഡോ.സൂരജ് കണ്ണൂർ അഴീക്കോട് സ്വദേശിയാണ്.
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലും, അഴീക്കോട് ചാൽ ബീച്ചിലും ദേശീയ, സംസ്ഥാന, ബോക്സിങ് ചാമ്പൻഷിപ്പുകൾ അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ വിജയകരമായി നടത്തിയിരുന്നു.
ടൂറിസം സാധ്യത കൂടി പരിഗണിച്ച് ബീച്ച് ബോക്സിങ്ങിന് സ്ഥിരമായ സംവിധാനമൊരുക്കുമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായി ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുമെന്നും ഡോ. സൂരജ് അറിയിച്ചു. ബോക്സിങ്ങിന്റെ വികസനത്തിനായി സർവകലാശാല തലത്തിൽ ബോക്സിങ്ങ് മത്സരം സംഘടിപ്പിക്കണമെന്നും പോലീസുൾപ്പെടെയുള്ള സർവീസുകളിലെ സ്പോർട്സ് ക്വാട്ടയിലേക്ക് ബോക്സിങ്ങ് താരങ്ങളെ കൂടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമൂഹത്തിൽ ഒട്ടനവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ നേതൃതത്തിൽ നടന്നു വരുന്നുണ്ട്. റിയാദിൽ പ്രവർത്തിക്കുന്ന കണ്ണൂരുകാരുടെ സംഘടന ‘കിയോസ്’ ന്റെ ചെയർമാൻ കൂടിയായ ഡോ. എൻ. കെ. സൂരജ് , ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ആണ്.
ജില്ല ബോക്സിങ് അസോസിയേഷൻ പ്രസിഡന്റ് കെ. ശാന്തകുമാറിന്റെ നേതൃത്വത്തിൽ ഡോ. സൂരജിന് സ്വീകരണം നൽകി. മറ്റു ഭാരവാഹികളായ സി. ജഗദീശൻ, അരുണചലം എന്നിവരും പങ്കെടുത്തു.