കോട്ടക്കൽ: ലോകപ്രശസ്ത ആയുർവേദ ഭിഷഗ്വരൻ ഡോ.പി.കെ.വാര്യർ അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ കഴിഞ്ഞത്.
ജന്മദിനം ആഘോഷിക്കുന്ന സമയത്ത് ഡോ.പി.കെ വാര്യർ കൊവിഡ് ബാധിതനായിരുന്നു. പിന്നീട് അദ്ദേഹം കൊവിഡ് മുക്തി നേടിയെങ്കിലും മൂത്രത്തിലെ അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തെങ്കിലും ഞായറാഴ്ച ഉച്ചയ്ക്ക് 12.25-ഓടെ മരണം സംഭവിക്കുകയായിരുന്നു.
പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരുമടക്കം വിവിഐപികൾ ഡോ.പി.കെ.വാര്യരുടെ സ്നേഹസ്പർശം തേടി കോട്ടക്കലിലേക്ക് എത്തിയിരുന്നു. മലപ്പുറം ജില്ലയിലെ കോട്ടക്കലിനെ ആഗോളപ്രശസ്തമായ ആയുർവേദ പോയിൻ്റാക്കി മാറ്റിയതിൽ അദ്ദേഹം നിർണായക പങ്കുവച്ചിരുന്നു.
ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ.പി.എസ്.വാര്യരുടെ അനന്തരവനായ പി.കെ.വാര്യർ അമ്മാവൻ തുടങ്ങിവച്ച സ്ഥാപനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് വളർത്തി എടുത്തു.