– ഇബ്രാഹിം സുബ്ഹാന്‍
കേരള ചീഫ് സെക്രട്ടറിയായി ഡോ.വി.പി. ജോയിയെ നിയമിക്കാന്‍ സംസ്ഥാന മന്ത്രി സഭാ യോഗം തീരുമാനിച്ച വിവരം ഏറെ സന്തോഷത്തോടെയാണ് ശ്രവിച്ചത്. മാര്‍ച്ച് ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കുമ്പോള്‍ സംസ്ഥാനത്തിന് ആ നിയമനം വലിയ മാറ്റങ്ങള്‍ക്കുള്ള തുടക്കമാവും എന്നതില്‍ സംശയമില്ല.
2005 നവംബര്‍ 19 ന് 72 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര എനര്‍ജി ഫോറത്തിന്റെ ആസ്ഥാന മന്ദിരം സൗദി അറേബ്യയില്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ജോയിയെ ആദ്യമായി പരിചയപ്പെട്ടത്. അന്നത്തെ പെട്രോളിയം മന്ത്രിയായ മണി ശങ്കര്‍ അയ്യര്‍ക്കൊപ്പമാണ് വി.പി ജോയി പങ്കെടുത്തത്. 52 രാജ്യങ്ങളിലെ മന്ത്രിമാരും ഉയര്‍ന്ന ഒഫീഷ്യല്‍സും പങ്കെടുത്ത ചടങ്ങില്‍ അന്നദ്ദേഹം ഇന്ത്യന്‍ മിനിസ്ട്രി ഓഫ് പെട്രോളിയം നാച്ച്വറല്‍ ഗ്യാസ് മന്ത്രാലയത്തിന്റെ ഡയരക്ടര്‍ ജനറലായിരുന്നു
കേരള കേഡറിലെ ഏറ്റവും സീനിയര്‍ ഐ.എ.എസ് ഓഫീസറായ വി.പി കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയാണ് ഇപ്പോള്‍. കഴിഞ്ഞ 15 വര്‍ഷമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന വി.പി. ഏറെ കഴിവുകളുള്ള വ്യക്തിത്വമാണ്.
കേരള സര്‍വ്വകലാശാലയില്‍ നിന്നും ഇലക്ട്രോണിക്‌സ് ബിടെക്കില്‍ ഒന്നാം റാങ്കോടെ വിജയിച്ച അദ്ദേഹം 1987 ബാച്ച് ഐ.എ.എസ് ഓഫീസറാണ്. ഇന്ത്യയിലെ വിവിധ വകുപ്പുകളില്‍ പ്രശസ്തമാര്‍ന്ന സേവനങ്ങള്‍ കാഴ്ച്ചവെച്ച അദ്ദേഹത്തിന് കേരളത്തിന്റെ വികസനത്തില്‍ വലിയ പങ്കു വഹിക്കാന്‍ കഴിയും.
ജന്മ നാടിന്റെ പുരോഗതിക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലഭിക്കുന്ന അവസരം അദ്ദേഹം പൂര്‍ണ്ണമായും വിനിയോഗിക്കുമെന്ന് കരുതുന്നു. അത്തരമൊരു അന്തരീക്ഷം അദ്ദേഹത്തിന്നു ലഭിക്കട്ടെ എന്നാശംസിക്കുന്നു. 2023 ജൂണ്‍ 30 വരെ സര്‍വ്വീസ് കാലാവധിയുള്ള അദ്ദേഹത്തില്‍ ഏറെ പ്രതീക്ഷ മലയാളികള്‍ പുലര്‍ത്തുമ്പോള്‍ സൂഹൃത്തെന്ന നിലയില്‍ ഞാനും പ്രതീക്ഷിക്കുന്നു. പാടിക്കേൾക്കുന്തോറും ഇഷ്ടം കൂടുന്ന ഗസലുകൾ എഴുതുന്ന കവി കൂടിയാണ് പ്രിയ വി പി. കേരളത്തിന് വേണ്ടി പുതു വികസന ഈരടികൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പ്രകാശിക്കട്ടെ.
(ഇബ്രാഹിം സുബ്ഹാന്‍ – ലോക കേരള സഭാംഗവും റിയാദിലെ ഇന്റർനാഷണൽ എനര്‍ജി ഫോറത്തിലെ ഉദ്യോഗസ്ഥനുമാണ് ലേഖകൻ)