8 കോൺഗ്രസ് എംഎൽഎമാർ ബിജെപിലേക്ക്?*
പനാജി: ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ നടപടിയുമായി കോൺഗ്രസ് നേതൃത്വം. ബിജെപിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നു മൈക്കിൾ ലോബോയെ കോൺഗ്രസ് നീക്കി.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ദിഗംബർ കാമത്തും മൈക്കിൾ ലോബോയും ചേർന്ന് കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടക്കാട്ടിയാണ് പാർട്ടി നടപടി. മൈക്കിൾ ലോബോ, ദിഗംബർ കാമത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ബിജെപിയുമായി ചേർന്ന് ഗുഢാലോചന നടത്തിയെന്ന് ഗോവയുടെ ചുമതലയുള്ള എഐസിസി അംഗം ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.
നിരവധി കേസുകൾ ഉള്ളതിനാൽ സ്വയരക്ഷക്കായാണ് കാമത്ത് ബിജെപിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടത്. അധികാരത്തിനും സ്ഥാനത്തിനും വേണ്ടിയാണ് ലോബോ ഇത് ചെയ്തത്. ബിജെപി പണമടക്കം ഉപയോഗിച്ച് പ്രതിപക്ഷത്തെ അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ദിനേഷ് ഗുണ്ടു റാവു കുറ്റപ്പെടുത്തി.
വൃത്തികെട്ട രാഷ്ട്രീയത്തിലാണ് കാമത്ത് ഏർപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞ റാവു ലോബോയെ ഒറ്റുകാരനെന്നും വിശേഷിച്ചു. പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുമെന്നും ഇരുവർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
40 അംഗ ഗോവ നിയമസഭയിൽ കോൺഗ്രസിന് 11 അംഗങ്ങളുണ്ട്. ഇതിൽ 7-8 എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് അഭ്യൂഹം. എന്നാൽ ആറ് എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്ന് കോൺഗ്രസ് അറിയിച്ചു. മറ്റ് എംഎൽഎമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു.വൻ തുക വാഗ്ദാനം ചെയ്തു മൂന്നിൽ രണ്ട് എംഎൽഎമാരെ റാഞ്ചാനാണ് ബിജെപിയുടെ ശ്രമമെന്നാണ് കോൺഗ്രസിൻ്റെ ആക്ഷേപം. അതിനിടെ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി മൈക്കിൾ ലോബോയും നാല് എംഎൽഎമാരും കൂടിക്കാഴ്ച നടത്തി.
ലോബോയുടെ ഭാര്യയും എംഎൽഎയുമായ ദലൈലയും ഒപ്പമുണ്ടായിരുന്നു. ഗോവ മുൻ മന്ത്രിയായിരുന്ന ലോബോ ഈ വർഷം ആദ്യമാണ് ബിജെപി വിട്ട് ഭാര്യക്കൊപ്പം കോൺഗ്രസിൽ ചേർന്നത്.