കൊട്ടടയ്ക്ക വില ഉയരങ്ങളിലേക്ക്

രോഗബാധയും വിലക്കുറവും മൂലം പ്രതിസന്ധിയിലായിരുന്ന കവുങ്ങ് കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കി കൊട്ടടയ്ക്കയുടെ വില ഉയരുന്നു.

മേല്‍ത്തരം പഴയ കൊട്ടടയ്ക്ക കിലോയ്ക്ക് 100 രൂപയോളമാണ് ഏതാനും ദിവസത്തിനുള്ളില്‍ ഉയര്‍ന്നത്. ഒരു വര്‍ഷം മുന്‍പ് കിലോയ്ക്ക് 450 രൂപ വരെ ഉയര്‍ന്ന് പിന്നീട് താഴേക്ക് പോയിരുന്നു. ഇതാണ് ഇപ്പോള്‍ ഉയര്‍ന്ന് 495-520 രൂപയിൽ എത്തിയിട്ടുള്ളത്.

പുതിയ അടയ്ക്കയുടെ വില 400 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ക്വിന്റലിന് 40,000- 50,000 ആണ് വില. തിരവ് അടയ്ക്കകളായ കരിങ്കോട്ട, ഉള്ളി, ഫട്ടോറ് എന്നിവയുടെ വിലയിലും വര്‍ധനയുണ്ട്.

പഴുത്ത അടയ്ക്ക വെയിലിൽ ഉണക്കിയെടുത്ത് ഈര്‍പ്പം തട്ടാതെ മാസങ്ങളോളം സൂക്ഷിച്ച് പൊളിച്ചാണ് മേത്തരം കൊട്ടടയ്ക്ക ഉണ്ടാക്കുന്നത്.

ഇവയില്‍ നിന്ന് തരം തിരിച്ചാണ് ഒന്നാം തരം, രണ്ടാം തരം, ഫട്ടോറ്, കരിങ്കോട്ട എന്നിവ വേര്‍തിരിച്ചെടുക്കുന്നത്. അതത് വര്‍ഷത്തെ അടയ്ക്ക ഉണക്കിപ്പൊളിച്ച് വില്‍ക്കുന്നതാണ് പുതിയ അടയ്ക്ക.

പൊളിക്കുന്ന അവസ്ഥയില്‍ അടയ്ക്കയുടെ പുറം തൊലി പൂര്‍ണായും നീങ്ങാത്തതിനെ ഉള്ളിയെന്നും പുറം ഭാഗം വിണ്ടു കീറിയവയെ ഫട്ടോറെന്നും കറുത്ത നിറമുള്ള കനം കുറഞ്ഞ ഇനത്തെ കരിങ്കോട്ട എന്നുമാണ് വിളിക്കുന്നത്.

പെയിന്റ് നിര്‍മാണത്തിനും പാക്ക് നിര്‍മാണത്തിനുമാണ് അടയ്ക്ക കാര്യമായി ഉപയോഗിക്കുന്നത്. പെയിന്റ് കമ്പനികള്‍ വര്‍ധിച്ചതും പഴയ കാലത്തെ അപേക്ഷിച്ച് പെയിന്റിങ് വലിയൊരു തൊഴില്‍ മേഖല ആയതുമെല്ലാം അടയ്ക്കയുടെ ഉപയോഗം വര്‍ധിക്കാന്‍ കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു.

ഇറക്കുമതിയെ ആശ്രയിച്ചാണ് അടയ്ക്ക മാര്‍ക്കറ്റ് നിലനില്‍ക്കുന്നത്. ഇപ്പോള്‍ ഇറക്കുമതിയിൽ ഉണ്ടായ കുറവ് മൂലം ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ അടയ്ക്കക്ക് ക്ഷാമം നേരിട്ടതും ഇവിടെ വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

Mediawings:

spot_img

Related Articles

Latest news