മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കാതെ സ്വകാര്യസ്ഥലത്ത് മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. മദ്യത്തിന്റെ മണം ഉണ്ടെന്നതുകൊണ്ട് ഒരാള്‍ മദ്യപിച്ചെന്ന് പറയനാവില്ലെന്ന് കോടതി.
മണല്‍വാരല്‍ കേസിലെ പ്രതിയെ തിരിച്ചറിയാന്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ വില്ലേജ് അസിസ്റ്റന്റ് മദ്യലഹിരിയില്‍ ആയിരുന്നു എന്നാരോപിച്ചു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്.
പൊതുസ്ഥലത്തു മദ്യപിച്ചു ബഹളമുണ്ടാക്കുന്നതിനു ബാധകമായ കേരള പൊലീസ് നിയമത്തിലെ 118(എ) വകുപ്പിനു വ്യാഖ്യനിച്ചുകൊണ്ടാണ് കോടതി നടപടി. എന്നാല്‍ ലഹരിയുടെ സ്വാധീനത്താല്‍ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് പൊതുസ്ഥലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്ബോള്‍ ഈ വകുപ്പ് ബാധകമാണെന്ന് കോടതി വ്യക്തമാക്കി.
2013 ഫെബ്രുവരി 26-നായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് വിളിച്ചതിനെത്തുടര്‍ന്ന് പ്രതിയെ തിരിച്ചറിയാനായി സ്റ്റേഷനില്‍ എത്തിയതായിരുന്നു വില്ലേജ് അസിസ്റ്റന്റ് സലിം കുമാര്‍. എന്നാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
ഇതിനെ തുടര്‍ന്ന് മദ്യപിച്ചു ബഹളമുണ്ടാക്കിയെന്നാരോപിച്ച് പൊലീസ് തനിക്കെതിരെ കള്ളക്കേസെടുത്തെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. വൈദ്യപരിശോധനയും രക്തപരിശോധനയും നടത്തിയില്ല.
ഹര്‍ജിക്കാരന മദ്യപിച്ചെങ്കില്‍ നിയന്ത്രണം വിട്ട് സ്റ്റേഷനില്‍ കലാപമോ ശല്യമോ ഉണ്ടാക്കിയെന്നത് കരുതാന്‍ വസ്തുതകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മദ്യത്തിന്റെ മണമുണ്ടെന്ന ഒറ്റക്കാരണത്താല്‍ ഒരാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് വിലയിരുത്താനാവില്ലെന്ന് ജസ്റ്റിസ് സോഫി തോമസ് അഭിപ്രായപ്പെട്ടു.
ഹര്‍ജിക്കാരനെതിരേ കാസര്‍കോട് ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് സിംഗിള്‍ ബെഞ്ച് റദ്ദാക്കി.
Mediawings: