ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പിടിയില്‍

തിരുവനന്തപുരം: യാത്രക്കിടെ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പിടിയില്‍. തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പോയ ബസാണ് വെഞ്ഞാറമൂടിന് സമീപം കാരേറ്റ് വച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്.

ബസ് യാത്രക്കാര്‍ വിവരം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. അതേസമയം ബസ് വെഞ്ഞാറമ്മൂട് എത്തുന്നതിന് രണ്ട് കിലോമീറ്റര്‍ മുന്നേ തൈക്കാട് വച്ചു ബസ് ഓടിക്കുന്നതിനൊപ്പം ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ വീഡിയോ പകര്‍ത്തി. ഇത് ശ്രദ്ധയില്‍പ്പെട്ട ബസ് ഡ്രൈവര്‍ പെട്ടെന്ന് ഫോണ്‍ മാറ്റി വയ്ക്കുകയും കൈകൊണ്ട് ആംഗ്യം കാണിച്ച് കടന്നു പോവുകയും ചെയ്തു. ബസ് യാത്രക്കാരും, പ്രദേശവാസികളും ഒരേസമയം തന്നെ മോട്ടോര്‍ വാഹന വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

കാരേറ്റ് ഭാഗത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞു നിര്‍ത്തി. ബസിന്റെ ഡ്രൈവര്‍ക്ക് എതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം കേസ് എടുക്കുകയും ഡ്രൈവറുടെ ലൈസന്‍സന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടിക്ക് ശുപാര്‍ശ ചെയ്തതായും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാംജി.കെ. കരണ്‍ അറിയിച്ചു. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ലൈജു. ബി.എസ്., അന്‍സാരി. കെ.ഇ എന്നിവരും ഓപ്പറേഷനില്‍ പങ്കെടുത്തു.

spot_img

Related Articles

Latest news