ഖമീസ് മുഷൈത്തിൽ ഡ്രോൺ ആക്രമണ ശ്രമം

റിയാദ്- ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിൽ ഡ്രോൺ ആക്രമണം നടത്താൻ ഹൂത്തി മിലീഷ്യകളുടെ ശ്രമം. സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന വെടിവെച്ചിട്ടു. സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്താനുള്ള ഹൂത്തികളുടെ നിരന്തര ശ്രമങ്ങൾ യുദ്ധക്കുറ്റമാണെന്ന് സഖ്യസേന പറഞ്ഞു. കഴിഞ്ഞ ദിവസവും ദക്ഷിണ സൗദിയിൽ ഹൂത്തികൾ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചിരുന്നു.

സൗദി അറേബ്യയിൽ ഡ്രോൺ ആക്രമണത്തിനുള്ള ഹൂത്തി ശ്രമത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽഉസൈമിൻ ശക്തമായി അപലപിച്ചു. രാജ്യരക്ഷ സംരക്ഷിക്കാൻ സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവൻ നടപടികളെയും ഒ.ഐ.സി പിന്തുണക്കുമെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.

സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനങ്ങൾ ഉപയോഗിച്ച് സൗദിയിൽ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആസൂത്രിതമായി ആക്രമണങ്ങൾ നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമങ്ങളെ യു.എ.ഇ ശക്തമായ ഭാഷയിൽ അപലപിച്ചു.

നിരന്തരമായ ഇത്തരം ഭീകരാക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തോടുള്ള ഹൂത്തികളുടെ കടുത്ത ധിക്കാരവും അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും അവർ അവഗണിക്കുന്നതുമാണ് പ്രതിഫലിപ്പിക്കുന്നത്. സൗദിയിൽ തന്ത്രപ്രധാന കേന്ദ്രങ്ങളും സിവിലിയൻ ലക്ഷ്യങ്ങളും എണ്ണ വിതരണത്തെയും ആഗോള സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം സത്വരവും ശക്തവുമായ നിലപാട് സ്വീകരിക്കണം. സമീപ കാലത്ത് നടത്തുന്ന നിരന്തര ആക്രമണങ്ങൾ മേഖലയിൽ സുരക്ഷയും സമാധാനവും സ്ഥിരതയും തകർക്കാനുള്ള ഹൂത്തികളുടെ ശ്രമങ്ങൾക്കുള്ള പുതിയ തെളിവാണ്.

രാജ്യരക്ഷക്കും സ്ഥിരതക്കുമെതിരായ ഏതു ഭീഷണികൾക്കുമെതിരെ സൗദി അറേബ്യക്കൊപ്പം യു.എ.ഇ ഒറ്റക്കെട്ടായി നിലയുറപ്പിക്കും. സൗദി പൗരന്മാരുടെയും രാജ്യത്ത് കഴിയുന്ന വിദേശികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവൻ നടപടികളെയും യു.എ.ഇ പിന്തുണക്കും. സൗദി അറേബ്യയുടെയും യു.എ.ഇയുടെയും സുരക്ഷ അവിഭാജ്യമാണ്.
സൗദി അറേബ്യ നേരിടുന്ന ഏതു ഭീഷണിയും യു.എ.ഇക്കെതിരായ ഭീഷണിയാണെന്നും യു.എ.ഇ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഡ്രോൺ ആക്രമണ ശ്രമത്തെ ബഹ്‌റൈനും അപലപിച്ചു.

സൗദി അറേബ്യയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും രാജ്യരക്ഷക്കും സ്ഥിരതക്കുമെതിരായ ഭീഷണികൾ പ്രതിരോധിക്കാൻ സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവൻ നടപടികളെയും പിന്തുണക്കുമെന്നും ബഹ്‌റൈൻ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഹൂത്തികളുടെ ഭീരുത്വമാർന്ന ഇത്തരം ഭീകരാക്രമണങ്ങൾ സൗദി അറേബ്യയുടെ പരമാധികാരത്തിനെതിരായ നഗ്നമായ കൈയേറ്റവും സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷക്കുള്ള ഗുരുതരമായ ഭീഷണിയുമാണെന്നും ബഹ്‌റൈൻ വിദേശ മന്ത്രാലയം പറഞ്ഞു.

spot_img

Related Articles

Latest news