മോസ്കോ : ക്രൈമിയന്‍ തുറമുറ നഗരമായ സെവാസ്റ്റോപോളില്‍ റഷ്യന്‍ നാവിക സേനയുടെ കരിങ്കടല്‍ ഫ്ലീറ്റിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയിന്.
ആക്രമണത്തില്‍ തങ്ങളുടെ ഒരു യുദ്ധക്കപ്പലിന് കേടുപാടുണ്ടായതായെന്നും ഒമ്ബത് ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നും റഷ്യ അറിയിച്ചു. യുക്രെയിന് ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഇന്നലെ പുലര്‍ച്ചെ 4.30 മുതലുണ്ടായ യുക്രെയിന് ആക്രമണം റഷ്യന്‍ നേവി തുരത്തിയെന്നും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടമില്ലെന്നും എല്ലാ ഡ്രോണുകളും റഷ്യ വെടിവച്ചു വീഴ്ത്തിയെന്നും സെവാസ്റ്റോപോള്‍ ഗവര്‍ണര്‍ പറയുന്നു. 2014ലാണ് യുക്രെയിന്റെ ഭാഗമായിരുന്ന ക്രൈമിയയെ റഷ്യ പിടിച്ചെടുത്തത്. ക്രൈമിയയിലെ ഏറ്റവും വലിയ നഗരമായ സെവാസ്റ്റോപോളിലാണ് റഷ്യയുടെ കരിങ്കടല്‍ ഫ്ലീറ്റിന്റെ ആസ്ഥാനം.
ബ്രിട്ടനെതിരെ റഷ്യ
അതേ സമയം, തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്രൈമിയയില്‍ യുക്രെയിന് നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ബ്രിട്ടീഷ് നേവിയ്ക്ക് പങ്കുണ്ടെന്നും കഴിഞ്ഞ മാസം 26ന് ബാള്‍ട്ടിക് കടലിലെ നോര്‍ഡ് സ്ട്രീം – 1, നോര്‍ഡ് സ്ട്രീം – 2 ഗ്യാസ് പൈപ്പ് ലൈനുകളില്‍ സ്ഫോടനമുണ്ടാക്കിയത് ബ്രിട്ടീഷ് നേവിയാണെന്നും റഷ്യ ആരോപിച്ചു. ഒരു നാറ്റോ അംഗരാജ്യത്തിനെതിരെ റഷ്യ നടത്തുന്ന ശക്തമായ ആരോപണമാണിത്.
എന്നാല്‍ രണ്ട് വാദങ്ങള്‍ക്കും റഷ്യ തെളിവൊന്നും പുറത്തുവിട്ടില്ല. ആരോപണം നിഷേധിച്ച യു.കെ പ്രതിരോധ മന്ത്രാലയം റഷ്യ തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രതികരിച്ചു. റഷ്യയില്‍ നിന്നുള്ള വാതകം യൂറോപ്പിലേക്കെത്തിക്കുന്ന തന്ത്രപ്രധാനമായ പൈപ്പ്ലൈനാണ് നോര്‍ഡ് സ്ട്രീം. കഴിഞ്ഞ മാസം നടന്ന സ്ഫോടനങ്ങള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളെ റഷ്യ കുറ്റപ്പെടുത്തിയിരുന്നു.
ധാന്യക്കയറ്റുമതി കരാര്‍: പങ്കാളിത്തം നിറുത്തി റഷ്യ
മോസ്കോ : യുക്രെയിനില്‍ നിന്ന് ധാന്യക്കയറ്റുമതി പുനരാരംഭിക്കാന്‍ ഏര്‍പ്പെട്ട സുപ്രധാന കരാറിലെ പങ്കാളിത്തം നിറുത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ച് റഷ്യ. ക്രൈമിയയില്‍ കരിങ്കടല്‍ ഫ്ലീറ്റിലെ തങ്ങളുടെ കപ്പലുകള്‍ക്ക് നേരെ യുക്രെയിന് ഡ്രോണ്‍ ആക്രമണം നടത്തിയെന്ന കാരണം കാട്ടിയാണ് റഷ്യയുടെ പിന്മാറ്റം. യുക്രെയിനില്‍ നിന്ന് ധാന്യക്കയറ്റുമതി പുനരാരംഭിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയുമായും തുര്‍ക്കിയെയുമായുള്ള സുപ്രധാന കരാറുകളില്‍ ജൂലായിലാണ് റഷ്യയും യുക്രെയിനും ഒപ്പിട്ടത്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് മുതല്‍ യുക്രെയിനില്‍ നിന്ന് ധാന്യക്കയറ്റുമതി പുനരാരംഭിക്കാന്‍ റഷ്യ അനുവദിച്ചിരുന്നു. റഷ്യ – യുക്രെയിന് അധിനിവേശത്തിന് പിന്നാലെ ലോകമെമ്ബാടും ആളിക്കത്തിയ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും തണുപ്പിക്കാന്‍ ഈ കരാര്‍ സഹായിച്ചിരുന്നു. ഇതുവരെ ഏകദേശം 90 ലക്ഷം ടണ്‍ ധാന്യം യുക്രെയിനില്‍ നിന്ന് കയറ്റുമതി ചെയ്തു.