ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന് നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
ലോകകപ്പ്ഫുട്ബോള് സമയമായതിനാല്‍ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോള്‍ അടിക്കുന്ന രീതിയില്‍ പരിപാടി നടത്തും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും, സര്‍ക്കാര്‍ ഓഫീസുകളിലും, സ്വകാര്യ കമ്പനികളിലും, ഐടി പാര്‍ക്കുകളിലും, ബസ് സ്റ്റാന്‍ഡുകളിലും, പൊതുവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും. നോ റ്റു ഡ്രഗ്സ് എന്ന പ്രചാരണ ബോര്‍ഡുകളും ചിത്രങ്ങളും ഗോള്‍ പോസ്റ്റിന് ചുറ്റും ഉറപ്പാക്കും. മുഴുവന്‍ സമയവും പോസ്റ്റ് തയ്യാറാക്കി നിര്‍ത്തുകയും, ഇഷ്ടമുള്ളപ്പോള്‍ ആര്‍ക്കും വന്ന് ഗോള്‍ അടിക്കാനുമാകുന്ന രീതിയിലാണ് പരിപാടി. സെലിബ്രിറ്റി ഫുട്ബോള്‍ മത്സരം ഇതിന്റെ ഭാഗമായി നടത്തും.
ലഹരി മോചന കേന്ദ്രങ്ങള്‍ ആവശ്യത്തിനുണ്ടെന്ന് സാമൂഹ്യനീതി വകുപ്പ് ഉറപ്പാക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. അവിടെ ചികിത്സക്കെത്തുന്ന കുട്ടികളെ രഹസ്യമായി ശുശ്രൂഷിക്കണം. കുട്ടിയുടെ പേരോ, കുടുംബത്തിന്റെ പേരോ പുറത്തുവിടരുത്. സ്കൂളുകളില്‍ വലിയതോതില്‍ കൗണ്‍സിലിംഗ് സംഘടിപ്പിക്കണം. ആവശ്യത്തിന് കൗണ്‍സിലര്‍മാര്‍ ഉണ്ടാകണം. ലഹരി ഉപയോഗ കേന്ദ്രങ്ങളില്‍ നല്ല രീതിയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം.
ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നില്ല എന്ന ബോര്‍ഡ് മുഴുവന്‍ കടകളിലും സ്ഥാപിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ലഹരിപദാര്‍ത്ഥങ്ങളുടെ വില്‍പ്പന, കൈമാറ്റം, ഉപയോഗം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം കൈമാറാനുള്ള ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ പ്രദര്‍ശിപ്പിക്കാനുള്ള നടപടിയും ഊര്‍ജ്ജിതമാക്കണം.
‘നോ ടു ഡ്രഗ്സ്’ പരിപാടിയുടെ ഭാഗമായി പോലീസ്, എക്സൈസ് വിഭാഗങ്ങള്‍ നടത്തിയപരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കണം.
മൂന്ന് മാസത്തിലൊരിക്കല്‍ ലഹരിവിരുദ്ധ ജനജാഗ്രത സമിതിയോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങളും ലഹരി ഉപഭോഗം സംബന്ധിച്ച കാര്യങ്ങളും അവലോകനം ചെയ്യണം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാതലത്തില്‍ ക്രോഡീകരിച്ച് സംസ്ഥാന സമിതിക്ക് കൈമാറണം.
വിവിധ വകുപ്പുകള്‍ വ്യത്യസ്ത പരിപാടികള്‍ ഇപ്പോള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇവ ഏകോപിതമായ കലണ്ടറിന്റെ അടിസ്ഥാനത്തില്‍ പൊതുപരിപാടികളാക്കി മാറ്റേണ്ടതുണ്ട്. വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെയും സാമ്പത്തിക വിനിയോഗത്തിന്റെയും വിശദാംശങ്ങള്‍ സമാഹരിച്ച് ഏകോപിത കലണ്ടര്‍ തയ്യാറാക്കാന്‍ എക്സൈസ് വകുപ്പിനെ / വിമുക്തി മിഷനെ ചുമതലപ്പെടുത്തി.