നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ സ്ത്രീകളെ മയക്കികിടത്തി കവര്‍ച്ച. മൂന്ന് സ്ത്രീകളാണ് തീവണ്ടിയില്‍ കവര്‍ച്ചയ്ക്കിരയായത്. ഇവരില്‍നിന്ന് പത്ത് പവനോളം സ്വര്‍ണവും രണ്ട് മൊബൈല്‍ഫോണുകളുമാണ് കവര്‍ന്നത്.
അബോധാവസ്ഥയില്‍ തീവണ്ടിയില്‍ കണ്ടെത്തിയ മൂന്ന് സ്ത്രീകളെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസ് രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയതോടെയാണ് കവര്‍ച്ച നടന്നവിവരം പുറംലോകമറിയുന്നത്.
തീവണ്ടിയില്‍ മൂന്ന് സ്ത്രീകളെ അബോധാവസ്ഥയില്‍ കണ്ടെത്തിയതോടെ പോലീസും അധികൃതരും ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തിരുവല്ല സ്വദേശി രാജലക്ഷ്മി, മകള്‍ ഐശ്വര്യ, ആലുവ സ്വദേശി കൗസല്യ എന്നിവരെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവര്‍ ബോധം വീണ്ടെടുത്തതോടെയാണ് കവര്‍ച്ച നടന്നെന്ന വിവരം സ്ഥിരീകരിച്ചത്.
രാജലക്ഷ്മിയും മകളും ഒരു കോച്ചിലാണുണ്ടായിരുന്നത്. കൗസല്യ മറ്റൊരു കോച്ചിലായിരുന്നു. രാജലക്ഷ്മിയുടെ ബാഗുകളില്‍നിന്ന് പത്ത് പവന്റെ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് മോഷണം പോയത്. കൗസല്യയുടെ സ്വര്‍ണക്കമ്മലുകളും നഷ്ടപ്പെട്ടു.
സേലത്തിനും കോയമ്പത്തൂരിനും ഇടയ്ക്കുവെച്ചാണ് കവര്‍ച്ച നടന്നതെന്നാണ് പോലീസിന്റെ നിഗമനം. സേലത്തുനിന്ന് ഭക്ഷണം വാങ്ങികഴിച്ചതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനുശേഷമാണ് മയക്കമുണ്ടായതെന്നും പറഞ്ഞു. മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയവര്‍ തന്നെ പിന്നീട് മോഷണം നടത്തിയിട്ടുണ്ടാകുമെന്നാണ് നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ താമസിക്കുന്ന രാജലക്ഷ്മിയും മകളും ഒരു വിവാഹത്തില്‍ പങ്കെടുക്കാനായാണ് നാട്ടിലേക്ക് തിരിച്ചത്. ഇരുവരും കായംകുളം സ്റ്റേഷനിലാണ് ഇറങ്ങേണ്ടിയിരുന്നത്. ഡല്‍ഹിയില്‍നിന്ന് തീവണ്ടിയില്‍ കയറിയ കൗസല്യ ആലുവയിലേക്കാണ് ടിക്കറ്റെടുത്തിരുന്നത്. എന്നാല്‍ മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം കഴിച്ച് മൂവരും ബോധരഹിതരാവുകയായിരുന്നു.