ദുബായ്- യാത്രാ വിലക്കു കാരണം ദുബായിലേക്ക് തിരിച്ചുവരാൻ കഴിയാത്തവർക്ക് നാട്ടിലിരുന്ന് തന്നെ വിസ പുതുക്കാനുള്ള സുവർണാവസരം. https://amer.gdrfad.gov.ae/visainquiry എന്ന ലിങ്ക് വഴി മൊബൈലിൽ വിസ പുതുക്കാനുള്ള അവസരമാണ് ദുബായ് എമിറേറ്റ് ലഭ്യമാക്കിയത്. വിസ നമ്പർ, ആദ്യ പേര്, ഏത് രാജ്യക്കാരൻ, ജനന തീയതി എന്നിവ മാത്രം നൽകിയാൽ വിസ സ്റ്റാറ്റസ് അറിയാൻ സാധിക്കും. ദുബായ് ഗവൺമെന്റ് വെബ്‌സൈറ്റിൽ ഇതിനുള്ള സൗകര്യം ഒരുക്കിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസ് ആന്റ് ഫോറിൻ അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു.
വിമാന സർവീസ് മുടങ്ങിയതിനാൽ നാട്ടിൽനിന്ന് ദുബായിലേക്ക് തിരിച്ചെത്താൻ കഴിയാത്തവർക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം. വിസ പുതുക്കാൻ കഴിയുമോ, ജോലി നഷ്ടപ്പെടുമോ എന്നെല്ലാം ആശങ്കപ്പെട്ട് ആയിരങ്ങളാണ് ഇപ്പോഴും നാട്ടിൽ കഴിയുന്നത്. യാത്രാ വിലക്ക് ജൂലൈ 21 വരെ തുടരുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച അറിയിപ്പ്. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ താമസിക്കുന്ന പ്രവാസികൾ ഐ.സി.ഐ വെബ്‌സൈറ്റിലൂടെ പരിശോധിച്ചാൽ സ്റ്റാറ്റസ് അറിയാൻ കഴിയും.
എന്നാൽ നിലവിൽ വിസ പുതുക്കാനുള്ള അവസരം ദുബായ് വിസക്കാർക്ക് മാത്രമാണ്. വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് വിസ പുതുക്കാനുള്ള അവസരം നൽകുന്നത്. വെബ്‌സൈറ്റിൽ കയറി പരിശോധിച്ചാൽ തങ്ങളുടെ വിസ സംബന്ധിച്ച വിവരങ്ങളും പുതുക്കേണ്ട മാർഗനിർദേശങ്ങളും ലഭിക്കുന്നതാണ്. എന്തു ചെയ്യണമെന്നറിയാതെ കടുത്ത ആശങ്കയോടെ നാട്ടിൽ കഴിയുന്ന ആയിരക്കണക്കിന് പ്രവാസികൾ പുതിയ വഴി തെളിഞ്ഞതിന്റെ ആഹ്ലാദത്തിലാണ്. വിമാന സർവീസ് പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് പ്രവാസികൾക്ക് ആശ്വാസമേകുന്ന തീരുമാനവുമായി ദുബായ് എമിറേറ്റ് മുന്നോട്ടു വന്നത്.