ദുബൈ: ഡ്രൈവറില്ലാ വാഹനങ്ങളില്‍ വിപ്ലവകരമായ കണ്ടെത്തലുകള്‍ നടത്തുന്ന ദുബൈ പുതിയ പരീക്ഷണവുമായി രംഗത്ത്. ഇത്തവണ നിരത്തിലിറക്കുന്നത് ഡ്രൈവറില്ലാ ട്രക്കുകളാണ്.
ദുബൈയുടെ നിരത്തുകളില്‍ കാര്‍ഗോയുമായി ഭാവിയില്‍ ഇത്തരം വാഹനങ്ങള്‍ പായുന്നത് കാണാം.ഈ ശ്രേണിയിലെ ആദ്യ വാഹനത്തിന്‍റെ പരീക്ഷണം ദുബൈയില്‍ തുടങ്ങി. ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട് മൊബിലിറ്റി ഹബ്ബാകുക എന്ന ദുബൈയുടെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന്‍റെ ഭാഗമായാണ് ഡ്രൈവറില്ലാ ട്രക്കും ഇറക്കുന്നത്. ഇത് സംബന്ധിച്ച കരാറില്‍ ദുബൈ സൗത്തും ഇവോകാര്‍ഗോയും ഒപ്പുവെച്ചു. വ്യോമയാനം, റിയല്‍ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ് എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന മേഖലയാണ് ദുബൈ സൗത്ത്.
സ്വയം പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്ന ലോജിസ്റ്റിക് സ്ഥാപനമാണ് ഇവോ കാര്‍ഗോ. ട്രക്കിന് രണ്ടു ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ടാകും. 40 മിനിറ്റ് മുതല്‍ ആറു മണിക്കൂര്‍ വരെ ചാര്‍ജ് ചെയ്താല്‍ ഒരു ദിവസം ഉപയോഗിക്കാനുള്ള വൈദ്യുതി ചാര്‍ജ് ലഭിക്കും.അടുത്തവര്‍ഷം ഫെബ്രുവരി വരെ പരീക്ഷണയോട്ടം നടത്തും. ദുബൈ സൗത്ത് ലോജിസ്റ്റിക് ഡിസ്ട്രിക്ടിന്‍റെ കണ്‍ട്രോള്‍ സെന്‍ററായിരിക്കും ഈ കാലയളവില്‍ വാഹനം നിയന്ത്രിക്കുക. വാഹനത്തിന്‍റെ ക്ഷമത പരീക്ഷിക്കുക, തകരാറുകളും കുറ്റങ്ങളും കണ്ടെത്തുക തുടങ്ങിയവയാണ് പരീക്ഷണത്തിന്‍റെ ലക്ഷ്യം. നഗരത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുക, പരിസ്ഥിതി സംരക്ഷണ നയത്തിന് പിന്തുണ നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് ഡ്രൈവറില്ലാ വാഹനങ്ങള്‍ രംഗത്തിറക്കുന്നത്.
എല്ലാ ഗതാഗത സംവിധാനങ്ങളിലും സ്വയം നിയന്ത്രിത വാഹനങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. ദുബൈ മെട്രോ, ട്രാം, ബസ്, ടാക്സി, ജലഗതാഗതം, കേബിള്‍ കാര്‍ എന്നിവയിലെല്ലാം ഈ സംവിധാനം നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ ഗതാഗത ചെലവ് 44 ശതമാനം കുറയും. ഇതുവഴി 900 ദശലക്ഷം ദിര്‍ഹമിന്‍റെ ചെലവ് കുറയും.