പ്രാഥമികാന്വേഷണത്തില്‍ ഇരട്ടവോട്ടര്‍മാര്‍ ഉണ്ടെന്ന പരാതി ശരി
തിരുവനന്തപുരം : വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ട് കണ്ടെത്തുന്നത് ആദ്യമായിട്ടല്ലെന്നും എല്ലാ മണ്ഡലത്തിലും പരിശോധന തുടരുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ഇരട്ടവോട്ടര്‍മാര്‍ ഉണ്ടെന്ന പരാതി ശരിയാണെന്ന് കലക്ടര്‍മാരുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. പരാതിയില്‍ പറഞ്ഞത്രയില്ല. ഇക്കാര്യത്തില്‍ കമീഷന് തുറന്ന സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സാഹചര്യത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ടെത്തി പരിശോധിക്കുന്നതില്‍ വന്ന വീഴ്ചയാകാം ഇരട്ടവോട്ടിന് കാരണം. 140 മണ്ഡലത്തിലും ബൂത്ത്തലത്തില്‍ ലിസ്റ്റ് തയ്യാറാക്കും. രണ്ടിടത്ത് പേരുണ്ടെങ്കില്‍ ഒന്ന് ഒഴിവാക്കും.
കഴിഞ്ഞവര്‍ഷം പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 68,606 ഇരട്ട വോട്ടുണ്ടായിരുന്നു. അന്തിമപട്ടിക പ്രസിദ്ധീകരിക്കുമ്ബോള്‍ ഉണ്ടായിരുന്നത് 4334. ഇതിനുശേഷം ഒമ്പത് ലക്ഷത്തിലേറെ പേരുകള്‍ പുതുതായി ചേര്‍ത്തു. മറ്റ് സംസ്ഥാനങ്ങളിലും വന്‍ തോതില്‍ ഇരട്ടവോട്ടുകള്‍ കാണപ്പെടുന്നുണ്ട്. കാസര്‍കോട് ഉദുമയിലെ വോട്ടര്‍ കുമാരിയുടെ പേരില്‍ അനുവദിച്ച അഞ്ച് കാര്‍ഡില്‍ നാലെണ്ണം നശിപ്പിച്ചു. നാല് കാര്‍ഡ് അനുവദിച്ച ഉദുമ അഡീഷണല്‍ റിട്ടേണിങ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തതു.
ആക്ഷേപം ഉന്നയിക്കാന്‍ ഒന്നര മാസത്തോളം ഉണ്ടായിരുന്നപ്പോള്‍ രാഷ്ട്രീയ പാർട്ടികൾ ഉറങ്ങുകയായിരുന്നോ എന്നും ടിക്കാറാം മീണ ചോദിച്ചു. നവംബര്‍ 16നാണ് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. ജനുവരി 20ന് അന്തിമപട്ടിക പ്രസിദ്ധീകരിച്ചു. പരാതികള്‍ ഉന്നയിക്കാന്‍ അവസരമുണ്ടായിരുന്നപ്പോള്‍ അത് ചെയ്തില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 12 ലക്ഷം വ്യാജവോട്ടുണ്ടെന്നാണ് പരാതികള്‍ വന്നത്. 250 എണ്ണമേ കണ്ടെത്തിയുള്ളൂ. ഇരട്ട വോട്ട് അത്രത്തോളം ഉണ്ടായിരുന്നെങ്കില്‍ അതിന്റെ പ്രയോജനം പരാതി ഉന്നയിച്ചവര്‍ക്കല്ലേ കിട്ടിയതെന്നും അദ്ദേഹം പ്രതികരിച്ചു.