ദുബായ്: ലോകത്തെ വിസ്മയ ലോകങ്ങളിലേക്ക് നയിച്ച ദുബായ് എക്‌സ്‌പോ സിറ്റി സെപ്റ്റംബർ ഒന്ന് വ്യാഴാഴ്ച മുതല്‍ ഭാഗികമായി തുറക്കും. ഒക്ടോബര്‍ ഒന്നിനാണ് എക്സ്പോ സിറ്റി പൂര്‍ണമായും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുക. അലിഫ്-ദി മൊബിലിറ്റി പവലിയന്‍, ടെറ-ദ സസ്റ്റെയ്‌നബിലിറ്റി പവലിയന്‍ എന്നിവയാണ് സെപ്റ്റംബർ ഒന്നു മുതല്‍ തന്നെ സന്ദര്‍ശകരെ സ്വീകരിച്ച് തുടങ്ങുക.
അലിഫിലും ടെറയിലും 50 ദിര്‍ഹം പ്രവേശന ടിക്കറ്റ്
എക്‌സ്‌പോയിലെ ഏറ്റവും ആകര്‍ഷകമായി മാറിയ ഈ രണ്ടു പവലിയനുകളിലേക്ക് പ്രവേശിക്കാന്‍ ഒരാള്‍ക്ക് 50 ദിര്‍ഹം വീതം ടിക്കറ്റ് നിരക്ക് നല്‍കേണ്ടിവരും. എക്‌സ്‌പോ സിറ്റിയുടെ വെബ്‌സൈറ്റിലും സിറ്റിയിലെ നാല് ബോക്‌സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും. അതേസമയം, അലിഫ്-ദി മൊബിലിറ്റി പവലിയന്‍, ടെറ-ദ സസ്റ്റെയ്‌നബിലിറ്റി പവലിയന്‍ എന്നിവിടങ്ങളില്‍ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രവേശനം സൗജന്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രകൃതിയുമായും അന്തരീക്ഷവുമായുള്ള മനുഷ്യന്റെ ബന്ധത്തെ പുനരാലോചനയ്ക്ക് വിധേയമാക്കുന്ന കാഴ്ചകളാണ് ടെറ സസ്‌റ്റെയിനബിലിറ്റി പവലിയനിലെ അനുഭവങ്ങള്‍. കാടുകളിലൂടെയും സമുദ്രത്തിലൂടെയുമുള്ള വെര്‍ച്വല്‍ യാത്രാനുഭവങ്ങള്‍ പ്രകൃതിയെ സ്‌നേഹിക്കാന്‍ മനുഷ്യനെ പഠിപ്പിക്കും. അലിഫ് മൊബിലിറ്റി പവലിയനാവട്ടെ, ചലനാത്മകത എങ്ങനെയാണ് മനുഷ്യ പുരോഗതി സാധ്യമാക്കിയതെന്നതിന്റെ ചരിത്രത്തിലൂടെയുള്ള യാത്രാനുഭവമായിരിക്കും സന്ദര്‍ശകര്‍ക്കു മുമ്പില്‍ തുറന്നുവയ്ക്കുക.
ഗാര്‍ഡന്‍ ഇന്‍ ദി സ്‌കൈയില്‍ കയറാന്‍ 30 ദിര്‍ഹം
കാണികളെ എക്‌സ്‌പോസിറ്റിക്ക് മുകളില്‍ 55 മീറ്റര്‍ ഉയരത്തിലേക്ക് കൊണ്ടെത്തിക്കുകയും 360 ഡിഗ്രി കാഴ്ച സമ്മാനിക്കുകയും ചെയ്യുന്ന ഗാര്‍ഡന്‍ ഇന്‍ ദി സ്‌കൈ പവലിയനും വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതിലെ കറങ്ങുന്ന നിരീക്ഷണ ഡെക്കില്‍ പ്രവേശിക്കാന്‍ 30 ദിര്‍ഹമായിരിക്കും ടിക്കറ്റ് നിരക്ക്. ഇവിടെ അഞ്ച് വയസ്സു മുതലുള്ളവര്‍ക്ക് ടിക്കറ്റ് വേണം. വൈകിട്ട് മൂന്ന് മണി മുതല്‍ ആറ് മണി വരെ മാത്രമേ തുടക്കത്തില്‍ ഗാര്‍ഡന്‍ ഇന്‍ ദി സ്‌കൈയില്‍ പ്രവേശനം അനുവദിക്കൂ. സപ്തംബര്‍ 16 മുതല്‍ രാവിലെ 10 മണി മുതല്‍ സന്ദര്‍ശകരെ അനുവദിക്കും.
എക്‌സ്‌പോ നിര്‍മിതികളില്‍ 80% നിലനിര്‍ത്തും
ഗുരുത്വാകര്‍ഷണത്തെ അതിജയിക്കുന്ന വെള്ളച്ചാട്ടവും അതിനകമ്പടിയായുള്ള സംഗീതവും അദ്ഭുത കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന സര്‍റിയല്‍ വാട്ടര്‍ ഫീച്ചറും അല്‍ വസല്‍ പ്ലാസയും ഒക്ടോബറിലാണ് തുറക്കുക. അതേപോലെ വനിതാ പവലിയന്‍, വിഷന്‍ പവലിയന്‍, കുട്ടികളുടെ കളിയിടങ്ങള്‍ എന്നിവയും ഒക്ടോബറില്‍ പ്രവേശനം അനുവദിക്കും. ഓപ്പര്‍ച്ചുനിറ്റി പവലിയന്‍ എക്‌സ്‌പോ 2020 ദുബായ് മ്യൂസിയമാക്കിയാണ് മാറ്റുക. ഇവിടെ ദുബായ് എക്‌സ്‌പോയുടെ വിജയവും ഇതുവരെയുള്ള എക്‌സ്‌പോകളുടെ ചരിത്രവും പ്രദര്‍ശിപ്പിക്കും. എക്‌സ്‌പോയ്ക്കായി ഒരുക്കിയ നിര്‍മിതികളില്‍ 80 ശതമാനവും അതേപോലെ നിലനിര്‍ത്തിക്കൊണ്ടാണ് എക്‌സ്‌പോ സിറ്റി ദുബായ് ഒരുക്കിയിരിക്കുന്നത്.
എക്‌സ്‌പോ സിറ്റിയില്‍ പ്രവേശനം സൗജന്യം
ചില പവലിയനുകളില്‍ പ്രവേശനത്തിന് ഫീസ് ഈടാക്കുമെങ്കിലും എക്‌സ്‌പോ നഗരിയിലെ പ്രവേശനം സൗജന്യമായിരിക്കും. മറ്റു നിരവധി സൗകര്യങ്ങളും പാര്‍ക്കുകളുമെല്ലാം സൗജന്യമായി ഉപയോഗിക്കാനാവുമെന്നാണ് റിപ്പോര്‍ട്ട്. മിക്ക പവലിയനുകളിലും ടിക്കറ്റ് ഉണ്ടായിരിക്കില്ല. എന്നാല്‍ ഇ-സ്‌കൂട്ടറുകള്‍, എക്‌സ്‌പോ എക്‌സ്‌പ്ലോളറര്‍ പോലെയുള്ള സൗകര്യങ്ങള്‍ക്ക് ഫീസ് നല്‍കേണ്ടിവരും. ഭാവിയിലെ ടെക്‌നോളജി നഗരമായി എക്സ്പോ സൈറ്റ് വീണ്ടും തുറക്കുമെന്ന് ജൂണില്‍ ദുബായ് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു.