കണ്ണൂർ: കണ്ണപുരത്തെ ഡിവെെഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ (26) വധിച്ച കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒൻപത് ആർഎസ്‌എസ്- ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ.തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് വിധി.
കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻ വീട്ടില്‍ വി.വി.സുധാകരൻ (57), കൊത്തിലതാഴെവീട്ടില്‍ ജയേഷ് (41), ചാങ്കുളത്തുപറമ്പില്‍ സി.പി.രഞ്ജിത്ത് (44), പുതിയപുരയില്‍ പി.പി.അജീന്ദ്രൻ (51), ഇല്ലിക്കവളപ്പില്‍ ഐ.വി.അനില്‍കുമാർ (52), പുതിയപുരയില്‍ പി.പി.രാജേഷ് (46), വടക്കേവീട്ടില്‍ ഹൗസില്‍ വി.വി.ശ്രീകാന്ത് (47), സഹോദരൻ വി.വി.ശ്രീജിത്ത് (43), തെക്കേവീട്ടില്‍ ഹൗസില്‍ ടി.വി.ഭാസ്‌കരൻ (67) എന്നിവരെയാണ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
പ്രതികള്‍ക്ക് വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും ഈ വിധിയില്‍ ആശ്വാസമുണ്ടെന്നും റിജിത്തിന്റെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു രാഷ്ട്രീയപാർട്ടിയും കൊലക്കത്തി എടുക്കരുതെന്നും ഈ വിധി മറ്റുള്ളവർക്ക് പാഠമാണെന്നും അമ്മ വ്യക്തമാക്കി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം (302), വധശ്രമം (307), അന്യായമായി സംഘംചേരല്‍ (143), സംഘം ചേർന്ന് ലഹളയുണ്ടാക്കല്‍ (147), തടഞ്ഞുവയ്‌ക്കല്‍ (341), ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ (324) വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റം ചെയ്‌തതായി കോടതി കണ്ടെത്തി.
സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ചംഗമായിരുന്ന അലച്ചി ഹൗസില്‍ റിജിത്തിനെ 2005 ഒക്ടോബർ മൂന്നിന് രാത്രി ഒമ്പതിനായിരുന്നു കൊലപ്പെടുത്തിയത്. ചുണ്ട തച്ചൻകണ്ടി ക്ഷേത്രത്തിനടുത്ത് നിന്ന് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ പഞ്ചായത്ത് കിണറിന് സമീപത്തു വച്ച് ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ നികേഷ്, വിമല്‍, വികാസ്, സജീവൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. പ്രദേശത്ത് ആർ.എസ്.എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.