കണ്ണൂർ: ആർ. ടി. ഒ ഓഫീസിൽ പ്രശ്നങ്ങളുണ്ടാക്കിയതിന്റെ പേരിൽ അറസ്റ്റ് ചെയ്ത ഇ ബുൾ ജെറ്റ് വ്ലോഗർമാർക്കെതിരെ ആർ.ടി.ഒയുടെ കുറ്റപത്രം. ഇവർ ഉപയോഗിക്കുന്ന വാഹനം അപകടം വരുത്തിവെക്കുന്ന രീതിയിൽ രൂപമാറ്റം നടത്തിയെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
വാഹനത്തിൽ നിയമവിരുദ്ധമായി ലൈറ്റ്, ഹോൺ, സൈറൺ എന്നിവ ഘടിപ്പിച്ചുവെന്നും ഇത് നിയമലംഘനമാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.1988-ലെ മോട്ടോർ വാഹന നിയമവും, കേരള മോട്ടോർ നികുതി നിയമവും ഇ ബുൾ ജെറ്റ് സഹോദരന്മാർ ലംഘിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.
തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലായിരിക്കും ആർ.ടി.ഒ കുറ്റപത്രം സമർപ്പിക്കുക. ഇതോടെ ഈ ബുൾ ജെറ്റ് വാഹനം കോടതിയുടെ അധീനതയിലാകും. ഇ ബുൾ ജെറ്റ് സഹോദരങ്ങൾ തങ്ങളുടെ വാഹനം അപകടകരമാകും വിധത്തിൽ രൂപമാറ്റം വരുത്തി എന്നാണ് കുറ്റപത്രത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചു, സൈറൺ ഘടിപ്പിച്ചു, പൊതുജനങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ ലൈറ്റും ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്ര നടത്തുകയും ചെയ്തു, എൽ.ഇ.ഡി ലൈറ്റുകൾ വാഹനത്തിൽ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 1988-ലെ മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട് ആർ.ടി.ഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.
നികുതി നിയമവുമായി ബന്ധപ്പെട്ടാണ് മറ്റൊന്ന്. നികുതി അടക്കുന്നതിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ വീഴ്ച വരുത്തി. വാഹനം ഭേദഗതി ചെയ്തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ല എന്നതുൾപ്പെടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
അതേമസമയം ഇവരുടെ വാഹനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഇ ബുൾ ജെറ്റ് വ്ലോഗർമാരുടെ വീട്ടിൽ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് പതിപ്പിച്ചു. ഏഴുദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്നാണ് ആവശ്യം.