ഇഡി കേസ് പ്രതികള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത് റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസിന് വീഴ്ച എന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട്.സ്റ്റേഷനില്‍ എത്തിയ പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം പറഞ്ഞു വിടുന്നതില്‍ പൊലീസിന് വീഴ്ച ഉണ്ടായെന്നും റിപ്പോർട്ടില്‍ പറയുന്നു. റിപ്പോർട്ട് ഉടൻ ദക്ഷിണ മേഖല ഐജിക്ക് സമർപ്പിക്കും. എന്ത് നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി തീരുമാനിക്കും. ഇ ഡി കേസ് പ്രതികളായ ഐ പി ബിനു അടക്കമുള്ള സിപിഐഎം പ്രവർത്തകർ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷം നടത്തി റീല്‍സ് ചിത്രീകരിച്ചത് വിവാദമായ സംഭവത്തില്‍ അന്വേഷണം നടത്താൻ എഡിജിപി പി വിജയൻ നിർദേശം നല്‍കിയിരുന്നു.
പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷത്തിനൊപ്പം പങ്കുചേർന്നതില്‍ പൊലീസിന് വീഴ്ച ഉണ്ടായെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട്. സ്റ്റേഷനില്‍ ഓണാഘോഷമാണെന്ന് പരിഗണിക്കാതെ പ്രതികളെ പരിസരത്ത് നിർത്തി. ഒപ്പിടിപ്പിച്ച് പ്രതികളെ വേഗം പറഞ്ഞു വിടുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായി. ഇതടക്കമുള്ള കാര്യങ്ങള്‍ സിറ്റി പൊലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടില്‍ ഉണ്ട്. ദക്ഷിണ മേഖല IGക്ക് സമർപ്പിക്കുന്ന റിപ്പോർട്ടില്‍ തുടർനടപടികള്‍ സംസ്ഥാന പൊലീസ് മേധാവി തീരുമാനിക്കും. ഭരണം മാറിയത് അറിയാത്ത ചിലയാളുകള്‍ ഇപ്പോഴും സേനയില്‍ ഉണ്ടെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. അതിൻറെ ദോഷമാണെന്നും മന്ത്രിയുടെ പരിഹാസം. അതേസമയം, ഐപി ബിനു പൊലീസുകാരുടെ സമാന നിറത്തിലുള്ള ഷർട്ട് ഇട്ടതില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. പൊലീസുകാർ വസ്ത്രം വാങ്ങി നല്‍കിയെന്നതിന് തെളിവില്ല. അതേസമയം ഇക്കാര്യത്തിലും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.

