ഡല്‍ഹി : പാസ്പോര്‍ട്ട് അപേക്ഷയെ ഡിജിലോക്കറുമായി ബന്ധിപ്പിക്കുന്ന പദ്ധതി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. വൈകാതെ ഇ-പാസ്പോര്‍ട്ട് നടപ്പിലാക്കുമെന്നു മന്ത്രി പറഞ്ഞു. ക്രമക്കേടുകള്‍ പരമാവധി കുറയ്ക്കാന്‍ ഇ-പാസ്പോര്‍ട്ട് സഹായകമാകുമെന്നാണു പ്രതീക്ഷ.
പാസ്പോര്‍ട്ട് അപേക്ഷയ്ക്കൊപ്പം നല്‍കേണ്ട രേഖകള്‍ ഡിജിലോക്കറില്‍നിന്നു ശേഖരിക്കാനുള്ള സംവിധാനമാണ് ഇന്നലെ തുടങ്ങിയത്. രേഖകള്‍ ഡിജിലോക്കറില്‍ ലഭ്യമെങ്കില്‍ അപേക്ഷയ്ക്കൊപ്പം അവ നല്‍കേണ്ടതില്ല. കേന്ദ്ര ഐടി മന്ത്രാലയം നടപ്പാക്കിയിട്ടുള്ള ഓണ്‍ലൈന്‍ സേവനപദ്ധതിയാണു ഡിജിലോക്കര്‍.
പാസ്പോര്‍ട്ടും ഡിജിലോക്കറില്‍ ആക്കാന്‍ പദ്ധതിയുണ്ടെന്നു മന്ത്രി പറഞ്ഞു.
പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ പുതിയതു ലഭിക്കുന്നത് എളുപ്പമാക്കാന്‍ ഇതിലൂടെ സാധിക്കും – മന്ത്രി പറഞ്ഞു.
പാസ്പോര്‍ട്ട് സേവാ പദ്ധതിയിലൂടെ ഏഴ് കോടിയിലധികം പാസ്‌പോര്‍ട്ടുകള്‍ ഇന്നുവരെ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാര്‍ക്കുള്ള സേവന ഡെലിവറി അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങള്‍ നിരവധി സുപ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
പാസ്‌പോര്‍ട്ട് നിയമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പൗരന്മാരുടെ പടിവാതില്‍ക്കല്‍ എത്തിക്കുന്നതിന് ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, ‘മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
മീഡിയ വിങ്സ്