സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റു രോഗങ്ങള്‍ക്കു കൂടി ചികിത്സ തേടി ആശുപത്രികളിലോ ക്ലിനിക്കിലോ പോകാന്‍ മടിക്കുന്ന അവസ്ഥയ്ക്കു ഉചിതമായ പരിഹാരമാണു സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ സഞ്ജീവനി. പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നു കൊണ്ട് വിരൽത്തുമ്പിൽ ഡോക്ടറുടെ സേവനം തേടാന്‍ കഴിയുന്ന സംവിധാനമാണിത്.
സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ മുപ്പത്തി അഞ്ചിലേറെ ഒ.പി. സേവനങ്ങങ്ങളുണ്ട് ഇ സഞ്ജീവനിയിൽ. തുടര്‍ ചികിത്സയ്ക്കും കോവിഡ് രോഗികള്‍ക്കും ഐസൊലേഷനിലുള്ളവര്‍ക്കും ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫുകള്‍ക്കും ഉള്‍പ്പെടെ എല്ലാവര്ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാം.
ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാതെ ഇ സഞ്ജീവനിയില്‍ വിളിച്ച് സംശയങ്ങള്‍ ദൂരികരികക്കാം. ഇതിലൂടെ വേണ്ട റഫറന്‍സിനൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ടോയെന്നും മനസിലാക്കാന്‍ സാധിക്കും.
ഇ-സഞ്ജീവനി സേവനങ്ങൾക്ക് ആദ്യം വെബ്സൈറ്റ് (https:// esanjeevaniopd.in/) സന്ദര്‍ശിക്കണം. പേര്, ലിംഗം, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, വയസ്, സംസ്ഥാനം, ജില്ല, നഗരം, വിലാസം, പിന് കോഡ് എന്നിവ രേഖപ്പെടുത്തണം.
പേഷ്യന്റ് രജിസ്ട്രേഷന് എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്ത ശേഷം സ്വന്തം മൊബൈല്‍ നമ്പര്‍ നല്കി സംസ്ഥാനം തിരഞ്ഞെടുക്കുക. തുടര്‍ന്ന് ജനറല്‍ ഒ.പി, സ്പെഷാലിറ്റി ഒ.പി എന്നിവയില്‍ ഏതാണ് വേണ്ടത് എന്ന തിരഞ്ഞെടുക്കുക.
തൊട്ടുതാഴെയുള്ള കോളത്തിലെ കോവിഡ് ഇ സഞ്ജീവനി ഒപിഡി കേരള, ജനറല്‍ ഇ സഞ്ജീവനി ഒപിഡി കേരള എന്നതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഒടിപി ലഭിക്കാന്‍ ബന്ധപ്പെട്ട സ്ഥലത്ത് ക്ലിക്ക് ചെയ്യുക. ഫോണില്‍ ലഭിക്കുന്ന ഒടിപി രേഖപ്പെടുത്തുന്നതോടെ രോഗിയുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള മറ്റൊരു വിന്‍ഡോ തുറന്നു വരും.
തുടര്‍ന്ന് ചികിത്സാ രേഖകള്‍ (അഞ്ച് എംബി വലുപ്പമുള്ള പരമാവധി മൂന്നെണ്ണം) സമര്‍പ്പിച്ച് പേഷ്യന്റ് ഐഡിയും ടോക്കണും ജനറേറ്റ് ചെയ്യാം. വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെക്കുറിച്ച് സംസാരിക്കാവുന്നതാണ്.
ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ ( https:// play.google.com/store/apps/details) മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനു ശേഷം കുറിപ്പടി ഉടന്‍ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും ലോഗിന്‍ ചെയ്ത് തുടര്‍ന്നും സേവനം തേടാനും അവസരമുണ്ട്. സംശയങ്ങള്‍ക്ക് ദിശ 1056, 0471 2552056 എന്നീ നമ്പരില്‍ വിളിക്കാം.