നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും വിഴുങ്ങുന്ന പ്രപഞ്ചത്തിലെ ഏറ്റവും വലിയ വില്ലനായ തമോഗര്‍ത്തം ഭൂമിക്കടുത്തെത്തിയെന്ന് കണ്ടെത്തല്‍.
പ്രകാശത്തെ പോലും കടത്തിവിടാത്ത തമോഗര്‍ത്തത്തെ ആദ്യമായാണ് ക്ഷീരപഥത്തില്‍ കണ്ടെത്തുന്നത്. സൂര്യനേക്കാള്‍ അഞ്ച് മുതല്‍ 100 മടങ്ങ് വരെ ഭാരമുണ്ടാകാം ഈ തമോഗര്‍ത്തങ്ങള്‍ക്ക്. റോയല്‍ ആസ്ട്രോണമിക്കല്‍ സൊസൈറ്റിയിലെ അറിയിപ്പില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭൂമിയെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്ന തമോഗര്‍ത്തം ഇപ്പോള്‍ ഭൂമിക്ക് അരികില്‍ എത്തിയെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. സൂര്യനേക്കാള്‍ പത്ത് മടങ്ങ് വലുപ്പമുണ്ട് ഇതിന്. 1600 പ്രകാശവര്‍ഷം അകലെ ഒഫിയുച്ചസ് നക്ഷത്രസമൂഹത്തിലാണ് ഇപ്പോഴിത് സ്ഥിതി ചെയ്യുന്നത്. അതായത് നേരത്തെയുള്ളതില്‍ നിന്ന് ഭൂമിയുടെ മൂന്ന് മടങ്ങ് അരികെ.
ഇന്റര്‍നാഷണല്‍ ജെമിനി ഒബ്സര്‍വേറ്ററിയുടെ ഇരട്ട ദൂരദര്‍ശിനികളിലൊന്നായ ഹവായിയിലെ ജെമിനി നോര്‍ത്ത് ടെലിസ്കോപ്പാണ് നിരീക്ഷണത്തിനായി ശാസ്ത്രജ്ഞരുടെ സംഘം ഉപയോഗിച്ചത്. ഗവേഷണത്തില്‍ സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നത് പോലെ തമോഗര്‍ത്തത്തിന് ചുറ്റും ഒരു നക്ഷത്രം ചലിക്കുന്നതായി കണ്ടെത്തി. നേരത്തെയും ഇത്തരം സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് തമോഗര്‍ത്തത്തിന് ചുറ്റും ഭ്രമണപഥത്തില്‍ സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രം അവ്യക്തമായി കണ്ടെത്തുന്നത് എന്ന് ഗവേഷകനായ കരീം എല്‍-ബാദ്രി വിശദീകരിച്ചു.
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഗയ ബഹിരാകാശ പേടകത്തിന്റെ സഹായത്തോടെയാണ് ബാക് ഹോളിനെക്കുറിച്ച് പ്രാഥമിക കണ്ടെത്തലുകള്‍ നടത്തിയത്. തുടര്‍ന്ന് ജെമിന് മള്‍ട്ടി ഒബ്ജക്ട് സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ച് ഇതിനെ തിരിച്ചറിഞ്ഞു. തമോഗര്‍ത്തത്തിനൊപ്പമുള്ള നക്ഷത്രത്തിന്റെ വെലോസിറ്റി അളക്കുകയും അതോടൊപ്പം അതിന്റെ ഭ്രമണകാലയളവ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ബൈനറി സിസ്റ്റത്തില്‍ കൃത്യത വരുത്താന്‍ ഈ കണക്കുകള്‍ അത്യാവശ്യമാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരീക്ഷണങ്ങള്‍ നല്‍കാനുള്ള ജെമിനിയുടെ കഴിവ് പദ്ധതിയുടെ വിജയത്തിന് നിര്‍ണായകമായിരുന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കി.