കാബൂൾ:
കിഴക്കൻ അഫ്ഗാനിസ്താനിൽ ഉണ്ടായ അതിതീവ്ര ഭൂചലനത്തിൽ ദുരന്തത്തിന്റെ വ്യാപ്തി ഭീമമായി. ഞായറാഴ്ച രാത്രി 11.47ഓടെയുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 610 പേർ കൊല്ലപ്പെടുകയും 1,300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദിന് 27 കിലോമീറ്റർ വടക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റർ ആഴത്തിൽ ഉണ്ടായ പ്രകമ്പനം കുനാർ പ്രവിശ്യയടക്കമുള്ള പ്രദേശങ്ങളെ വ്യാപകമായി ബാധിച്ചു. നൂർ ഗുല്‍, സോകി, വാട്പുർ, മനോഗി തുടങ്ങിയ ഗ്രാമങ്ങളിൽ വലിയ നാശനഷ്ടം സംഭവിച്ചു. 1,000-ത്തിലധികം വീടുകൾ പൂർണമായോ ഭാഗികമായോ നിലംപൊത്തി. കുനാർ ഗ്രാമത്തിൽ മാത്രം 20 പേർ മരിച്ചു, 35 പേർക്ക് പരിക്കേറ്റുവെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കപ്പെടുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകി വരികയാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുമ്പോൾ, ലോകാരോഗ്യ സംഘടന അടിയന്തരസഹായവുമായി രംഗത്തിറങ്ങി.
ദുരന്തത്തിൽ അന്താരാഷ്ട്ര തലത്തിൽ അനുശോചനം ഉയരുന്നു. നൂറുകണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖമുണ്ടെന്ന് ഐക്യരാഷ്ട്രസഭ എക്സ് പോസ്റ്റിൽ അറിയിച്ചു. അടിയന്തരസഹായവുമായി ദൗത്യസംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.