അസാസ്: കഴിഞ്ഞ ദിവസം സിറിയയിലുണ്ടായ ശക്തമായ ഭൂകമ്ബത്തെ തുടര്‍ന്ന് ജയില്‍ തകര്‍ന്നു. ഇതോടെ ജയിലില്‍ കഴിഞ്ഞിരുന്ന ഐസിസിലെ 20 കൊടും ഭീകരര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്.
തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള രാജോ പട്ടണത്തിലെ ജയിലില്‍ 2000 തടവുകാരാണ് ഉണ്ടായിരുന്നത്. അതില്‍ 1300പേര്‍ ഐസിസ് ഭീകരരായിരുന്നു. കുര്‍ദിഷ് സേനയിലുള്ളവരും ജയിലിലുണ്ടായിരുന്നു.
‘ഭൂകമ്ബം രാജോയെ പൂര്‍ണമായും ബാധിച്ചു. ഭൂരിഭാഗം കെട്ടിടങ്ങളും നിലംപതിച്ചു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് ഭീകരര്‍ രക്ഷപ്പെട്ടത്. ഏതാണ് 20 തടവുകാര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഇവര്‍ ഐസിസ് ഭീകരരാണ്. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം, പ്രദേശത്ത് നിരവധി തുടര്‍ചലനങ്ങള്‍ സംഭവിക്കുന്നതിനും കാരണമായി. ഇതോടെ ജയിലിന്റെ ഭിത്തിയിലും വാതിലിലും വിള്ളലുണ്ടാവുകയായിരുന്നു.’- ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, തെക്ക് -കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും കൊടിയ നാശം വിതച്ച് മണിക്കൂറുകളുടെ ഇടവേളയിലുണ്ടായ മൂന്ന് ഭൂകമ്ബത്തില്‍ 3800 ലേറെ മനുഷ്യജീവനുകള്‍ പൊലിഞ്ഞു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയിലും സിറിയയിലുമായി 15000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.