ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാള്‍

ഒമാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍. ഈദിനോട് അനുബന്ധിച്ച് ഗൾഫ് രാജ്യങ്ങളിൽ ഒരാഴ്ചയോളം നീളുന്ന അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിലും പെരുന്നാൾ ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ഗൾഫിലെ പ്രവാസി സമൂഹം. മിക്ക ഗൾഫ് രാജ്യങ്ങളിലും നിയന്ത്രണങ്ങളോടെ ഈദ് നമസ്കാരത്തിന് അനുമതിയുണ്ട്. കേരളത്തിൽ നാളെയാണ് ബലി പെരുന്നാൾ.

പ്രവാചകൻ ഇബ്റാഹിം നബിയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗസ്മരണ പുതുക്കുന്ന ബലി പെരുന്നാളിൽ വിശ്വാസികൾ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും ഒഴുകിയെത്തും. അറഫയും ഹജ്ജും വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഹ്ലാദം കൂടിയാണ് ബലി പെരുന്നാൾ.

കോവിഡ് നിയന്ത്രണങ്ങളോടെ ഇക്കുറി സൗദി, യു എ ഇ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിലെ ഈദ്ഗാഹുകളിലും പള്ളികളും പെരുന്നാൾ നമസ്കാരം നടക്കും.

ബഹ്റൈനിൽ ഗ്രാൻഡ് മസ്ജിദിൽ 30 പേർക്ക് നമസ്കാരത്തിന് എത്താൻ അനുമതിയുണ്ട്. യു.എ.ഇയിൽ ഈദ് നമസ്കാരവും ഖുതുബയും 15 മിനിറ്റിൽ ഒതുക്കണം.

പെരുന്നാളിനോട് അനുബന്ധിച്ച് ഗൾഫ് രാജ്യങ്ങളിൽ ഒരാഴ്ചയോളം നീളുന്ന അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ അവധിക്ക് ശേഷവും കോവിഡ് കേസും മരണങ്ങളും വർധിക്കുന്നു എന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ കനത്ത ജാഗ്രതയിലാണ് ആഘോഷം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനിൽ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ആണ്. ബലി പെരുന്നാള്‍ ദിനമായ ഇന്ന് മുതല്‍ ജൂലൈ 22 വരെയായിരുന്നു ഒമാന്‍ സുപ്രിം കമ്മറ്റി നേരത്തെ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് കൊവിഡ് മൂലം ക്രമാതീതമായി വര്‍ധിച്ചു വരുന്ന മരണങ്ങളും രോഗികളുടെ എണ്ണവും കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ ജൂലൈ 24 വരെ നീട്ടിക്കൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി പിന്നീട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ലോക്ക്ഡൗണ്‍ കാലയളവില്‍ രാജ്യത്തെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും പൊതുപെരുന്നാള്‍ നമസ്‌കാരങ്ങളും പരമ്പരാഗത പെരുന്നാള്‍ കമ്പോളത്തിന്റെ പ്രവര്‍ത്തനങ്ങളും യാത്രകളും കുടുംബ ഒത്തുചേരലുകളും പൂര്‍ണ്ണമായി നിര്‍ത്തി വെക്കാനാണ് ഒമാന്‍ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

spot_img

Related Articles

Latest news