സിന്തറ്റിക്ക് ലഹരി മരുന്നുകൾ അടക്കമുള്ള ലഹരി വസ്തുക്കളുമായി യുവതിയടക്കം എട്ട് പേർ പൊലീസ് പിടിയിൽ. മാവൂർ റോഡിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ വച്ചാണ് നടക്കാവ് പൊലീസും ഡാൻസാഫും ചേർന്ന് വൈകിട്ടോടെയാണ് എട്ടംഗസംഘത്തെ പിടികൂടിയത്. ദിവസങ്ങളായി ഇവർ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
ചേളന്നൂർ പാലോളി മീത്തൽ എം എം മനോജ്(22), എരഞ്ഞിക്കൽ കളത്തിൽ ഹൗസിൽ കെ അബി(26), ബേപ്പൂർ നടുവട്ടം എം മുഹമ്മദ് നിഷാം(26), പെരുമണ്ണ കൊളായ് മീത്തൽ കെ എം അർജുൻ(23), എടപ്പറ്റ മേലാറ്റൂർ ടി പി ജസീന(22), മാങ്കാവ് പൂഞ്ചേരി ടി ടി തൻവീർ അജ്മൽ(24), എലത്തൂർ പുതിയനിരത്ത് പി അബിജിത്ത്(26), പെരുവയൽ കയ്നാടിപറമ്പ് പി വി ഹർഷാദ്(28) എന്നിവരാണ് അറസ്റ്റിലായത്.
അർഷാദിന്റെ നേതൃത്വത്തിലാണ് ഹോട്ടലിൽ മുറിയെടുത്തിരുന്നത്. വാഗമൺ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പതിവായി ഡിജെ പാർട്ടി നടത്തി ലഹരി ഉപയോഗിക്കുന്നത് ഇവരുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ അഞ്ഞൂറ് ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എം ഡി എം എയും പിടികൂടിയിട്ടുണ്ട്.
കോഴിക്കോട് സ്വദേശികളായ ഇവർ എന്തിന് കോഴിക്കോട് മുറിയെടുത്തു എന്നും മയക്കുമരുന്ന് വിൽപ്പനയ്ക്കെത്തിയതാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. പ്രതികളുടെ അന്തർ സംസ്ഥാന ബന്ധവും പരിശോധിക്കുന്നുണ്ട്. പിടികൂടിയ സാധനങ്ങൾക്ക് വിപണിയിൽ രണ്ട് ലക്ഷത്തിലേറെ രൂപ വില വരുമെന്നാണ് പ്രാഥമിക നിഗമനം.