തർക്കം, നാടകീയത; സൂക്ഷ്മപരിശോധന കഴിയുന്പോൾ 1,637 സ്ഥാനാർഥികൾ

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ബാക്കിയായത് 1,637 നാമനിർദേശ പത്രികകൾ. 337 പത്രികകൾ തള്ളി. രണ്ട് പേർ പത്രിക പിൻവലിക്കുകയും ചെയ്തു. ആകെ 2,125 പത്രികകൾ ലഭിച്ചിരുന്നു. നാളെയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.

പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും നേമത്ത് ബി ജെ പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെയും പത്രികകൾ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായെങ്കിലും സ്വീകരിച്ചു. പറവൂരിലെ എൽ ഡി എഫ് സ്ഥാനാർഥി ഇ ടി ടൈസന്റെ പരാതിയിലാണ് വി ഡി സതീശന്റെ പത്രിക തടഞ്ഞുവെച്ചത്. ഔദ്യോഗിക വാഹനത്തിന്റെ പിഴ അടച്ചിട്ടില്ല, സ്വർണത്തിന്റെ മൂല്യം കുറച്ച് കാണിച്ചു എന്നിങ്ങനെയായിരുന്നു ആരോപണം. വാഹനം താൻ ഉപയോഗിച്ച സമയത്തല്ല പിഴ ചുമത്തപ്പെട്ടതെന്നും സ്വർണത്തിന്റെ മൂല്യം കൃത്യമായിരുന്നെന്നും വി ഡി സതീശൻ വിശദീകരിച്ചതോടെ പത്രിക സ്വീകരിച്ചു.

എലത്തൂരിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനക്കിടെ നാടകീയ രംഗങ്ങളുണ്ടായി. കോഴിക്കോട് കലക്ടറേറ്റിൽ സൂക്ഷ്മ പരിശോധനക്കിടെ, എൽ ഡി എഫ് സ്ഥാനാർഥി എ കെ ശശീന്ദ്രന്റെ അപരനായി പത്രിക സമർപ്പിച്ച പി കെ ശശീന്ദ്രന്റെ രസീത് തട്ടിയെടുത്ത് ഓടിക്കളഞ്ഞുവെന്നാണ് പരാതി. പി കെ ശശീന്ദ്രൻ രണ്ട് പത്രികകൾ
സമർപ്പിച്ചിരുന്നു. ഒന്ന് സ്വതന്ത്രനായും മറ്റൊന്ന് എൻ സി പി അജിത് പവാർ വിഭാഗം സ്ഥാനാർഥിയായും. എൻ സി പി ശരദ് പവാർ വിഭാഗം നേതാവായ എ കെ ശശീന്ദ്രന്റെയും അജിത് പവാർ വിഭാഗം സ്ഥാനാർഥിയായ പി കെ ശശീന്ദ്രന്റെയും പത്രിക വരണാധികാരി അംഗീകരിച്ചു. എ കെ ശശീന്ദ്രൻ മൂന്ന് തവണ മത്സരിച്ച് ജയിച്ച ക്ലോക്ക് ചിഹ്നം ഇത്തവണ പി കെ ശശീന്ദ്രന് ലഭിക്കുകയും ചെയ്തു. ചിഹ്നം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് നാമനിർദേശ പത്രിക പരിശോധന നടക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി രസീത് കൈമാറുന്ന സമയം വേറൊരാൾ വന്ന് അത് തട്ടിയെടുത്ത് ഓടുകയായിരുന്നു.

കുന്നംകുളത്ത് എൽ ഡി എഫ് സ്ഥാനാർഥി എ സി മൊയ്തീന്റെ പത്രികയിലും തർക്കമുണ്ടായി. ഭാര്യയുടെ കാർ സംബന്ധിച്ച വിവരങ്ങൾ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന തടസ്സവാദം ഉന്നയിച്ചായിരുന്നു തർക്കം. മലമ്പുഴയിലെ എൽ ഡി എഫ് സ്ഥാനാർഥി എ പ്രഭാകരന്റെ നാമനിർദേശപത്രികയും സൂക്ഷ്മപരിശോധനക്കായി മാറ്റിയിരുന്നു.

spot_img

Related Articles

Latest news