2023-24 വർഷത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും സംഭാവനയായി ലഭിച്ചത് കോടികളെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലാണ് ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.2023-24 സാമ്പത്തിക വർഷത്തില്‍ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപയെന്നാണ് റിപ്പോർട്ട്. അതേസമയം ഇക്കാലയളവില്‍ കോണ്‍ഗ്രസിന് 288.9 കോടി രൂപയും ലഭിച്ചെന്നും കണക്കുകള്‍ പറയുന്നു.
വ്യക്തികളില്‍ നിന്നും ട്രസ്റ്റുകളില്‍ നിന്നും കോർപ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നുമായാണ് 2023-24 സാമ്പത്തിക വർഷത്തില്‍ ബിജെപിക്ക് സംഭാവനയായി 2,244 കോടി രൂപ ലഭിച്ചത്. 20,000 രൂപയും അതിന് മുകളിലുമായാണ് സംഭാവന ലഭിച്ചത്. 2022-23 ലെ സംഭാവനയുടെ മൂന്നിരട്ടിയിലധികമാണ് ഈയിനത്തില്‍ കഴിഞ്ഞ വർഷം ബിജെപിക്ക് ലഭിച്ചത്. പ്രൂഡൻ്റ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്ന് 723.6 കോടി രൂപയുടെ സംഭാവനകള്‍ ബിജെപിക്ക് ലഭിച്ചു.
അതേസമയം, കോണ്‍ഗ്രസിന് 2023-24ല്‍ 288.9 കോടി രൂപലഭിച്ചപ്പോള്‍ മുൻ വർഷം ഇത് 79.9 കോടി രൂപയായിരുന്നു. പ്രൂഡൻ്റ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്ന് കോണ്‍ഗ്രസിന് 156.4 കോടി രൂപ സംഭാവന നല്‍കി. 2023-24ല്‍ ബിജെപിയുടെ മൂന്നിലൊന്ന് സംഭാവനകളും കോണ്‍ഗ്രസിൻ്റെ പകുതിയിലധികം സംഭാവനകളും പ്രൂഡൻ്റ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നാണ്. 2022-23-ല്‍ പ്രൂഡൻ്റിനുള്ള ഏറ്റവും മികച്ച സംഭാവന നല്‍കിയവരില്‍ മേഘ എഞ്ചിൻ & ഇൻഫ്രാ ലിമിറ്റഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട്, ആർസെലർ മിത്തല്‍ ഗ്രൂപ്പ്, ഭാരതി എയർടെല്‍ എന്നിവരാണ് മുന്നില്‍.