തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം പ്രതീക്ഷിച്ച്, ഒടുവിൽ കയ്യിലുണ്ടായിരുന്നതും നഷ്ടമായതിന്റെ ഞെട്ടലിലാണ് ബിജെപി. കയ്യിൽ ഉണ്ടായിരുന്ന നേമം പോയത് അടക്കം ദേശീയ നേതൃത്വത്തിന് മുന്നിൽ വിശദീകരിക്കൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാട് പെടും.
മത്സരിച്ച രണ്ടിടത്തെ തോൽവിയോടെ സുരേന്ദ്രന്റെയും നില പരുങ്ങലിൽ ആയി. സംസ്ഥാന പ്രസിഡന്റിനെതിരായ പോര് ഇനിയും കൂടുതൽ ശക്തമാകും.
പ്രതീക്ഷിച്ച സീറ്റുകളിൽ വിജയിക്കാൻ സാധിച്ചില്ലെന്നും എൻഡിഎക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ മുസ്ലിം വോട്ടുകളുടെ ധ്രുവീകരണമുണ്ടായെന്നും ആയിരുന്നു വോട്ടെണ്ണലിന് ശേഷം സുരേന്ദ്രന്റെ പ്രതികരണം.
രണ്ടാം സ്ഥാനത്തേക്ക് എത്തിയ പാലക്കാടും നേമത്തും മഞ്ചേശ്വരത്തുമെല്ലാം വർഗീയ ധ്രുവീകരണമുണ്ടായെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. എൻഡിഎയെ പരാജയപ്പെടുത്താൻ ആസൂത്രിതമായ നീക്കം നടന്നുവെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.
ഇത്തരം ആരോപണങ്ങൾ കൊണ്ട് മാത്രം മറുപടി പറയാനാകില്ലെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും തന്നെ ലഭിക്കുന്ന സൂചന.