തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. അധ്യാപകർക്ക് മത്സരിക്കാമെന്ന നിലവിലുള്ള ചട്ടം ഹൈക്കോടതി റദ്ദാക്കി. വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് അധ്യാപകർ മത്സരിക്കുന്ന ചട്ടമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കഴിഞ്ഞ പത്ത് വർഷമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
1951-ലെ നിയമസഭാ ചട്ടത്തിലാണ് ഹൈക്കോടതി ഇടപ്പെട്ടിരിക്കുന്നത്. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അല്ലാത്തവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശം നൽകിയിരുന്ന ഉപവകുപ്പ് ഹൈക്കോടതി പൂർണ്ണമായും റദ്ദാക്കി.
ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് മത്സരിക്കാൻ സാധിക്കാതെ വരും. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഈ ഉത്തരവ് ബാധകമാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.