15 മിനിട്ടോളം 110 കിലോമീറ്റര്‍ സ്പീഡില്‍ ഹൈവേയിലൂടെ പാഞ്ഞ ടെസ്ല കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്.
ഡ്രൈവിംഗ് സീറ്റില്‍ ഉറക്കത്തിലായ ഡ്രൈവറെയും കൊണ്ടാണ് ഓട്ടോപൈലറ്റ് മോഡില്‍ ടെസ്ല പാഞ്ഞത്. ജര്‍മനിയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. തനിയെ ഓടുന്ന കാര്‍ ശ്രദ്ധയില്‍പ്പെട്ട ബവേറിയന്‍ പൊലീസ് കാറിനെ പിന്തുടര്‍ന്നു. നിരവധി തവണ ഹോണ്‍ മുഴക്കിയെങ്കിലും ഡ്രൈവറെ ഉണര്‍ത്താനായില്ല.
ഏകദേശം പതിനഞ്ച് മിനിട്ടോളം ടെസ്ല കാറിന് അകമ്ബടിയായി പൊലീസ് വാഹനം പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. ഈ സമയമത്രെയും കാര്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത നിലനിര്‍ത്തിയത് പൊലീസ് ശ്രദ്ധിച്ചു. തുടര്‍ന്ന് കാറിന് അടുത്തേയ്ക്ക് എത്തിയപ്പോള്‍ ഇലക്‌ട്രിക് വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലുള്ളയാള്‍ കണ്ണടച്ചിരിക്കുന്നത് കണ്ടു. ഇയാളുടെ കൈകള്‍ കാറിന്റെ സ്റ്റിയറിംഗ് വീലിനടുത്ത് പോലുമുണ്ടായിരുന്നില്ല. നീണ്ട ചെയ്സിംഗിന് ശേഷം ഡ്രൈവര്‍ ഉണര്‍ന്നതോടെ പൊലീസ് കാര്‍ തടഞ്ഞിട്ടു.