മലപ്പുറം കരുവാരക്കുണ്ട് തുവ്വൂരിലും ഇരിങ്ങാട്ടിരിയിലും കാട്ടാനകൾ നാട്ടിൽ വിലസുന്നു. അക്കരക്കുളത്ത് ജനവാസ മേഖലയിലൂടെ പോകുന്നതിനിടെ കാട്ടാന കിണറ്റിൽ വീണു. തൊട്ടടുത്തായി നിരവധി വീടുകൾ ഉള്ള ജനവാസ കേന്ദ്രത്തിലാണ് സംഭവം. ഇപ്പോഴും ആനകൾ വീടുകൾക്ക് ഇടയിലൂടെ ഓടുകയാണ്. പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
ആനകളെ തുരത്തി കാട്ടിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇവ വാഹനങ്ങൾ ആക്രമിച്ചു. നിരവധി കൃഷിയിടങ്ങളും നശിപ്പിച്ചിട്ടുണ്ട്. മൂന്ന് കാട്ടാനകൾ ആണ് നടുറോഡിൽ ഇറങ്ങി ഭീതി സൃഷ്ടിച്ചത്.
കരുവാരക്കുണ്ട് പറയിൻകുന്ന് വനമേഖലയിൽ നിന്ന് എത്തിയ കാട്ടാനകൾ ആണ് റോഡിൽ ഉണ്ടായിരുന്ന വാഹനങ്ങൾക്ക് നേരെt പാഞ്ഞടുത്തത്. റോഡിൽ ഉണ്ടായിരുന്ന പാൽ കൊണ്ട് പോകുന്ന വാനിന്റെ നേരെ ആക്രമണം നടത്തി. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർക്ക് പരിക്കുണ്ട്. വാഹനത്തിന്റെ ഗ്ലാസുകൾ തകർത്തു. മുൻഭാഗം ഭാഗികമായി കേടുപാടുകൾ വരുത്തിയിട്ടുണ്ട്.
ആനയെ കണ്ടു ഭയന്ന് ഓടിയ പലർക്കും വീണ് പരിക്കേറ്റിട്ടുണ്ട്. ആക്രമണം നേരിട്ട വാനിന്റെ പിറകിൽ ഉണ്ടായിരുന്ന വാഹനത്തിനും കേടുപാടുണ്ട്.
ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ബഹളം വെച്ചാണ് ആനകളെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നത്. കാട്ടിൽ നിന്ന് കിലോമീറ്റർ ഓളം ദൂരം സഞ്ചരിച്ച് ജനവാസ മേഖലയിലെത്തിയ കാട്ടാനകൾ പട്ടപ്പകൽ നടുറോഡിൽ നടത്തിയ പരാക്രമണത്തിൽ പ്രദേശവാസികളിൽ വൻ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം നിലമ്പൂർ പെരുവമ്പാടത്ത് വീടിന് നേരേ കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു. അസീസിന്‍റെ വീട്ടുമുറ്റത്തേക്ക് എത്തുകയും വാതിലിന്‍റെ ജനല്‍ തകർക്കാൻ ശ്രമിക്കുകയായിരുന്നു.
ഭയന്ന് വീട്ടില്‍ കയറി കതകടച്ച് രക്ഷപ്പെടുകയായിരുന്നു. രണ്ടു മണിക്കൂറോളം സമയമാണ് കാട്ടാന ജനവാസ മേഖലയില്‍ തമ്പടിച്ചത്. ഉപദ്രവകാരിയായ മേഴയാനയാണ് വീട്ടുമുറ്റങ്ങളിലേക്ക് എത്തുന്നത്. വെട്ടിക്കുഴിയില്‍ തങ്കച്ചന്‍റെ വീട്ടുമുറ്റത്ത് നിറുത്തിയിട്ട ബൈക്കാണ് കാട്ടാന തകർത്തത്.