ന്യൂഡല്‍ഹി : രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ബി ജെ പിക്ക് തലവേദനയായി സ്വന്തം പാളയത്തില്‍ നിന്നുള്ള ചോര്‍ച്ച.
ഡല്‍ഹി നഗരസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവേ ബി ജെ പിയില്‍ നിന്നും പതിനൊന്ന് നേതാക്കള്‍ കഴിഞ്ഞ ദിവസം ആം ആദ്മിയില്‍ ചേര്‍ന്നു. മുന്‍ വാര്‍ഡ് വൈസ് പ്രസിഡന്റ് പൂജ അറോറ, മഹിളാ മോര്‍ച്ച മുന്‍ വൈസ് പ്രസിഡന്റുമാരായ ചിത്ര ലാംബ, ഭാവന ജെയിന് എന്നിവരുള്‍പ്പടെയുള്ള നേതാക്കളാണ് ആം ആദ്മിയുടെ ഭാഗമായത്. ബി ജെ പിയില്‍ കഠിനമായി അദ്ധ്വാനിച്ചിട്ടും വേണ്ട പരിഗണന കിട്ടാത്തതില്‍ നിരാശരായാണ് ഇവര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ അണിചേര്‍ന്നതെന്ന് ആം ആദ്മി അവകാശപ്പെട്ടു. ഡല്‍ഹിയിലെ രോഹിണിയില്‍ നിന്നുള്ള നേതാക്കളാണ് ഇവര്‍.
‘രോഹിണിയുടെ വാര്‍ഡ് നമ്ബര്‍ 53 ല്‍ നിന്നുള്ള പതിനൊന്ന് ബിജെപി നേതാക്കള്‍ ഇന്ന് എഎപിയില്‍ ചേര്‍ന്നത് അവരുടെ കഠിനാദ്ധ്വാനം ബിജെപിയില്‍ ഒരിക്കലും അംഗീകരിക്കപ്പെടാത്തതിനാലാണ്. കഴിഞ്ഞ 15 വര്‍ഷമായി അവര്‍ കഠിനാദ്ധ്വാനം ചെയ്യുന്നു, എന്നാല്‍ അവരെ അവഗണിച്ചു,’ മുതിര്‍ന്ന എഎപി നേതാവ് ദുര്‍ഗേഷ് പതക് പറഞ്ഞു.
അടുത്തമാസം നാലാം തീയതിയാണ് ഡല്‍ഹി നഗരസഭയിലേക്ക് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. കോണ്‍ഗ്രസ്, ബി.ജെ.പി, എ.എ.പി പാര്‍ട്ടികള്‍ 250 അംഗ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബര്‍ 16 ന് നടക്കും, അടുത്ത മാസം ഏഴാം തീയതിയാണ് ഫലപ്രഖ്യാപനം.